| Monday, 6th December 2021, 3:29 pm

ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവം; പാര്‍ലമെന്റില്‍ അമിത് ഷായുടെ ന്യായീകരണം; സൈന്യം എത്തിയത് തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതുകൊണ്ടെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റിലാണ് അമിത് ഷാ പ്രസ്താവന നടത്തിയത്.

സംഭവത്തില്‍ ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അമിത് ഷാ പറഞ്ഞു.

നാഗാലാന്‍ഡിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോണില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് 21 കമാന്‍ഡോകള്‍ സംശയാസ്പദമായ പ്രദേശത്ത് എത്തിയതെന്നും അമിത് ഷാ പറഞ്ഞു.

ഒരു വാഹനം അവിടെയെത്തിയെന്നും നിര്‍ത്താന്‍ സൂചന നല്‍കിയെങ്കിലും അത് നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചെന്നും തീവ്രവാദികള്‍ സഞ്ചരിച്ച വാഹനം എന്ന സംശയത്തില്‍ സെന്യം വെടിയുതിര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു.

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.

കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നത്.

നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Amit shah about Nagaland killing

We use cookies to give you the best possible experience. Learn more