കേരളത്തില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം നടപ്പാക്കാനാവുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ്
അമിത് ഷാ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അമിത് ഷായുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ അമിത് ഷാ കേരളത്തില്‍ വിവിധ സ്ഥലങ്ങളിലെത്തി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തുവരികയാണ്. ഈ സാഹചര്യത്തിലാണ് ഷാ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും സംസാരിച്ചിരിക്കുന്നത്.
കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ശേഷം പൗരത്വ നിയമം നടപ്പില്‍ വരുത്തുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേരളത്തില്‍ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞത്.
കൊവിഡ് വാക്‌സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളം ഒരു നിലപാട് എടുത്തിട്ടുണ്ടെന്നും പൗരത്വ നിയമത്തെ കേരളം അനുകൂലിക്കില്ലെന്നും നടപ്പാക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണെന്നും പിണറായി പറഞ്ഞിരുന്നു. ജനങ്ങളെ വര്‍ഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വര്‍ഗീയത നാടിന് ആപത്താണ്. അതിനെ പൂര്‍ണമായി തൂത്തുമാറ്റണമെന്നുമായിരുന്നു പിണറായിയുടെ പ്രസ്താവന.
പിണറായി വിജയന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്ന മറുപടിയുമായി അമിത് ഷാ എത്തിയിരിക്കുന്നത്. പൗരത്വനിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഷാ നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ബംഗാളില്‍ നടത്തിയ പ്രചരണത്തിനിടെയും ഇത്തരം പരാമര്‍ശങ്ങള്‍ ഷാ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടന്ന അസമിലും നിയമം നടപ്പില്‍ വരുത്തുമെന്ന നിലപാടില്‍ തന്നെയാണ് അമിത് ഷാ.
ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം പൗരത്വനിയമം നടപ്പാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നതിനിടെ ഷാ പറഞ്ഞിരുന്നു. അസമിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കേരളത്തില്‍ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കാനിരിക്കുകയാണ്. ശബരിമലയില്‍ ആചാരസംരക്ഷണത്തിനുള്ള നിയമവും ഉത്തര്‍പ്രദേശിലെ ലൗ ജിഹാദ് നിയമം കേരളത്തിലും കൊണ്ടുവരുന്നതിനുള്ള നടപടികളുമെല്ലാം സ്വീകരിക്കും എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം പ്രകടനപത്രികയിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബംഗാളിലെയും അസമിലെയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരുപക്ഷേ കേരളത്തിലെ ബി.ജെ.പിയും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന നിര്‍ദേശം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയേക്കാം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനവും നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാനവും കേരളമായിരുന്നു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ചു നിന്നുകൊണ്ട് ഐക്യകണ്‌ഠേനയായിരുന്നു നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. സംസ്ഥാനത്ത് ഉടനീളം പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങളും നടന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Amit Shah about implementing CAA in Kerala, response against CM Pinarayi Vijayan