ന്യൂദല്‍ഹി: നാല് ഗുജറാത്തുകാരാണ് പുതിയ ഇന്ത്യക്ക് വേണ്ടി സംഭാവനകള്‍ നല്‍കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയതെന്ന് അമിത് ഷാ പറഞ്ഞു.
ശ്രീ ദല്‍ഹി ഗുജറാത്തി സമാജിന്റെ 125ാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി കാരണമാണ് ഇന്ത്യ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, നരേന്ദ്ര മോദി എന്നീ നാല് ഗുജറാത്തികളാണ് ആധുനിക ഇന്ത്യന്‍ ചരിത്രത്തിന് മികച്ച സംഭാവനകള്‍ നല്‍കിയത്. ഗാന്ധിജിയുടെ ശ്രമം കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സര്‍ദാര്‍ പട്ടേലാണ് ഇന്ത്യയുടെ ഐക്യത്തിന് കാരണക്കാരന്‍. ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചത് മൊറാര്‍ജി ദേശായിയാണ്. ആഗോള തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടുന്നത് നരേന്ദ്ര മോദി കാരണമാണ്.
ഈ നാല് ഗുജറാത്തികളും രാജ്യത്തിന് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്തു. രാജ്യത്തിന്റെ അഭിമാനമാണവര്‍,’ അമിത് ഷാ പറഞ്ഞു.
ഗുജറാത്തി സമൂഹം ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധയിടങ്ങളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ദല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്തികളെ അവരുടെ സംസ്‌കാരത്തോടും നാഗരികതയോടും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടന ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
‘ദല്‍ഹിയില്‍ താമസിച്ചിട്ടും ഗുജറാത്തി സമൂഹം ഗുജറാത്തിന്റെ സത്ത നിലനിര്‍ത്തുകയും സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നല്ല രീതിയിലാണ് ഗുജറാത്തികള്‍ ദല്‍ഹിയില്‍ ജീവിക്കുന്നത്,’ അമിത് ഷാ പറഞ്ഞു.
മോദിയുടെ 9 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം 11 ആയിരുന്നു. എന്നാല്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അത് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നു.
സര്‍ജിക്കല്‍, വ്യോമാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആര്‍ക്കും കൃത്രിമം കാണിക്കാന്‍ സാധിക്കില്ലെന്ന് ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുത്തു.
ലോകത്തില്‍ തന്നെ മികച്ച മൊബൈല്‍ നിര്‍മാതാക്കളായി ഇന്ത്യ മാറി. മോദിയുടെ നേതൃത്വത്തില്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ യാതൊരു ഭീകരാക്രമണവും നടന്നിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
മോദി എല്ലാവരുടെയും കൂടെയുണ്ടെന്നും എല്ലാവരും മോദിയോടൊപ്പം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
content highlight: amit shah about gujarathees