| Wednesday, 5th January 2022, 10:13 pm

കോണ്‍ഗ്രസ് ഭ്രാന്തിന്റെ വക്കിലെത്തിയിക്കുന്നു, കോണ്‍ഗ്രസ് ചിന്തിക്കുന്നതിന്റെ ട്രെയിലറാണ് ഇന്ന് പഞ്ചാബില്‍ കണ്ടത്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ ട്രെയ്‌ലറാണ് ഇന്ന് പഞ്ചാബില്‍ കണ്ടതെന്നും കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ഷാ പറഞ്ഞു,

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നത്, ഈ പാര്‍ട്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ട്രെയ്‌ലറാണ് ഇന്ന് പഞ്ചാബില്‍ കണ്ടത്. ജനങ്ങള്‍ അവരെ വീണ്ടും വീണ്ടും തഴഞ്ഞ് ഭ്രാന്തിന്റെ വക്കിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്. തങ്ങളുടെ ചെയ്തികളില്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണം,’ അമിത് ഷാ ട്വീറ്റ് ചെയ്തു.

സുരക്ഷ വീഴ്ചയില്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതാരു തരത്തിലുമുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ചരണ്‍ജിത് ചന്നി പറഞ്ഞത്.

‘ഒരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ റോഡ് മാര്‍ഗമുള്ള യാത്ര ഏറ്റവും അവസാന മിനിറ്റിലെടുത്ത തീരുമാനമാണ്. അദ്ദേഹം ഹെലികോപ്റ്ററില്‍ പോകുമെന്നായിരുന്നു അറിയിച്ചിരുന്നത്. അദ്ദേഹത്തിന്റെ റാലിക്കായുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ അര്‍ധരാത്രി മുഴുവന്‍ ഞാന്‍. 70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതുകൊണ്ട് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കി. എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയത്,’ ചന്നി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണത്തിനെത്തിയ പ്രധാനമന്ത്രിയെയാണ് കര്‍ഷകര്‍ തടഞ്ഞത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ വെച്ചായിരുന്നു കര്‍ഷകര്‍ അദ്ദേഹത്തെ തടഞ്ഞത്.

പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്‌നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകള്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങള്‍ തടഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ജനുവരി 15 ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Amit Shah about Farmers block Prime Minister Narendra Modi on road

We use cookies to give you the best possible experience. Learn more