ഡി.വൈ.എഫ്.ഐക്കാരെ പൊലീസ് വേഷം കെട്ടിച്ച് ശബരിമല സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അമിത് ഷാ
D' Election 2019
ഡി.വൈ.എഫ്.ഐക്കാരെ പൊലീസ് വേഷം കെട്ടിച്ച് ശബരിമല സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2019, 8:05 pm

തൃശൂര്‍: ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി ബി.ജെ.പി ഏതറ്റം വരെയും പോകുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. വിശ്വാസികള്‍ക്ക് ഒപ്പമാണ് ബി.ജെ.പിയുള്ളതെന്നും ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചെന്നും ആരോപിച്ചു.

ഡി.വൈ.എഫ്.ഐക്കാരെ പോലും പൊലീസ് വേഷം കെട്ടിച്ച് നിര്‍ത്തി വിശ്വാസികളുടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും അമിത് ഷാ ആരോപിച്ചു.

കേരള സര്‍ക്കാര്‍ കോടതിവിധിയുടെ മറവില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും നിരവധി പേരെ ജയിലിലിടുകയും ചെയ്തു. നിരവധി സുപ്രീംകോടതി വിധികള്‍ നടപ്പാകാതെ കിടക്കുമ്പോള്‍ ശബരിമല വിധി നടപ്പിലാക്കാന്‍ മാത്രം എന്താണ് തിടുക്കമെന്നും അമിത് ഷാ ചോദിച്ചു.

അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം ബി.ജെ.പി ഉണ്ടാകും. അത് കൊണ്ടാണ് പ്രകടനപത്രികയില്‍ വിശ്വാസങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് സുപ്രീംകോടതിയുടെ മുന്നിലെത്തിക്കുമെന്നും പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലാണ് അമിത് ഷായുടെ പ്രസംഗം. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെയാണ് അമിത് ഷായുടെ വാക്കുകള്‍. നേരത്തെ കേരളത്തിലെത്തിയ മോദി ശബരിമല എന്ന വാക്ക് പരാമര്‍ശിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നത്.