| Sunday, 20th December 2020, 8:56 pm

മമതാ ദീദി...നിങ്ങളെ തോല്‍പ്പിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ആളെ ഇറക്കില്ല, ബംഗാളിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്നയാളാകും അടുത്ത മുഖ്യമന്ത്രി; അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നുള്ളയാളെ തന്നെ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന റാലിക്കിടെയായിരുന്നു ഷായുടെ പ്രഖ്യാപനം.

‘മമത ദീദി, ഒരു കാര്യം നിങ്ങളോട് വ്യക്തമായി പറയുന്നു. നിങ്ങളെ തോല്‍പ്പിക്കാന്‍ ദല്‍ഹിയില്‍ നിന്നൊന്നും സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യില്ല. ബംഗാളിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്നയൊരാളെത്തന്നെ നിങ്ങള്‍ക്കെതിരെ നിര്‍ത്തും. അയാള്‍ തന്നെയാകും അടുത്ത മുഖ്യന്ത്രി’, അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി നേതാക്കളെ പുറത്തുനിന്നു വന്നവര്‍ എന്ന് മമത ബാനര്‍ജി പരിഹസിച്ചിരുന്നു. അതിന് മറുപടി നല്‍കവെയാണ് ഷാ യുടെ ഈ പരാമര്‍ശം.

അതേസമയം പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്.

പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുവേന്തു അധികാരിയടക്കം 10 എം.എല്‍.എമാരും ഒരു എം.പിയും അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

എല്ലാ മാസവും അമിത് ഷാ ബംഗാളില്‍ എത്തുമെന്നാണ് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്. അതേസമയം അമിത് ഷാ ഉയര്‍ത്തുന്ന വെല്ലുവിളികളെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി അമിത് ഷാ പറഞ്ഞ ഏഴ് കാര്യങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തിയിരുന്നു.

ബി.ജെ.പി ‘ടൂറിസ്റ്റ് ഗാങ്ങി’ ന്റെ വിശ്വസ്തനായ ഷായുടെ പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ഒബ്രിയാന്‍ പ്രസ്താവന പുറത്തിറക്കിയത്.

മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു എന്നായിരുന്നു ഷാ യുടെ ഒരു വാദം. കഴിഞ്ഞ ദിവസം സുവേന്തു അധികാരി അടക്കമുള്ള തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം വിശദീകരിക്കവെയായിരുന്നു ഷായുടെ പ്രസ്താവന.എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amit sha Slams Mamatha Banerjee

We use cookies to give you the best possible experience. Learn more