Kerala News
'കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്രമില്ലാത്ത പാര്‍ട്ടി'; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ ആക്രമിച്ചും അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 07, 04:20 pm
Sunday, 7th March 2021, 9:50 pm

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയിലായിരുന്നു വിമര്‍ശനം.

‘ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സി.പി.ഐ.എമ്മിനെ മുഖ്യശത്രുവായി കാണുന്നു. ബംഗാളില്‍ ഐ.എസ്.ഫുമായി സഖ്യം ചേരുന്നു. കേരളത്തില്‍ മുസ്‌ലിം ലീഗുമായും ബന്ധം നിലനിര്‍ത്തുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുമായിട്ടാണ് സഖ്യം. എന്ത് പ്രത്യയ ശാസ്ത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്’, അമിത് ഷാ പറഞ്ഞു.

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും അമിത് ഷാ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ലോക സമ്പദ് വ്യവസ്ഥയില്‍ 11-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആറ് വര്‍ഷങ്ങള്‍ കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തിക്കാന്‍ മോദിയ്ക്ക് കഴിഞ്ഞെന്നായിരുന്നു ഷാ പറഞ്ഞത്.

മാറി മാറി കേരളം ഭരിച്ച എല്‍.ഡി.എഫ് യു.ഡി.എഫ് സര്‍ക്കാരുകള്‍ കേരളത്തെ രാഷ്ട്രീയ അക്രമത്തിന്റെ നാടാക്കി മാറ്റിയെന്നും അമിത് ഷാ ആരോപിച്ചു.

ഡോളര്‍ക്കടത്ത് കേസിനെകുറിച്ചും അമിത് ഷാ വിജയയാത്രയുടെ സമാപന വേദിയില്‍ വിമര്‍ശനം ഉന്നയിച്ചു.
‘ഡോളര്‍കടത്ത് കേസിലെ മുഖ്യപ്രതി നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്തയാളാണോ അല്ലയോ എന്ന് മുഖ്യമന്ത്രി പറയണം. നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ജോലി നല്‍കിയില്ലേ,’ അമിത് ഷാ ചോദിച്ചു.

മുന്‍ ഡി.എം.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനെയും ഷാ അഭിനന്ദിച്ചു. ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നത് അഭിമാനമാണെന്നും അമിത് ഷാ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Amit Sha Slams Congress