'ജനരക്ഷ പിന്നെ ആദ്യം സ്വയരക്ഷ'; അമിത് ഷാ ജനരക്ഷാ യാത്ര ഉപേക്ഷിച്ചു മടങ്ങിയത് അഴിമതി വാര്‍ത്തയില്‍ നിന്നു രക്ഷതേടാനെന്നു റിപ്പോര്‍ട്ടുകള്‍
India
'ജനരക്ഷ പിന്നെ ആദ്യം സ്വയരക്ഷ'; അമിത് ഷാ ജനരക്ഷാ യാത്ര ഉപേക്ഷിച്ചു മടങ്ങിയത് അഴിമതി വാര്‍ത്തയില്‍ നിന്നു രക്ഷതേടാനെന്നു റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2017, 8:54 am

 

ന്യൂദല്‍ഹി: ബി.ജെ.പി കേന്ദ്ര നേതൃത്വവും കേരളാ ഘടകവും ഏറെ പ്രാധാന്യം നല്‍കി നടത്തുന്ന ജനരക്ഷാ യാത്രയിലെ പരിപാടികളില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് മകനെതിരായ അഴിമതി വാര്‍ത്തയെ പ്രതിരോധിക്കാനുള്ള തന്ത്രം മെനയാനെന്ന് റിപ്പോര്‍ട്ടുകള്‍. പിണറായിലെ പദയാത്രയും തലശേരിയിലെ സ്വീകരണയോഗവും ഉപേക്ഷിച്ച് അമിത് ഷായുടെ തിടുക്കപ്പെട്ടുള്ള മടക്കം വാര്‍ത്തയെക്കുറിച്ചുള്ള സൂചന ലഭിച്ചതിനാലാണെന്ന് മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തത്.


Also Read: യു.പിയിലെ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്; കൂടുമാറ്റം അമിത് ഷായുടെ അമേത്തി സന്ദര്‍ശനത്തിനു പിന്നാലെ


നേരത്തെ ജനരക്ഷാ യാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞത് അമിത് ഷായുടെ മടക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനപങ്കാളിത്തം കുറഞ്ഞതോടൊപ്പം മകനെതിരായ അഴിമതി വാര്‍ത്ത പുറത്ത് വരാന്‍ പോകുന്നെന്ന സൂചനയും അമിത് ഷായുടെ മടക്കത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

അമിത് ഷായുടെ മകന്‍ ജെയ് അമിത്ഭായി ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വര്‍ധിച്ചതായുള്ള “ദ വയര്‍” റിപ്പോര്‍ട്ട കഴിഞ്ഞദിവസമായിരുന്നു പുറത്ത് വന്നത്. വാര്‍ത്തയോടൊപ്പം ഇതിന്റെ വിശദാംശങ്ങളറിയാന്‍ ജെയ് ഷായ്ക്ക് ചോദ്യാവലി അയച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചോദ്യാവലി ജെയ് ഷായ്ക്ക് ലഭിച്ച വിവരം ബി.ജെ.പി നേതാക്കളും അറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനരക്ഷാ യാത്രയില്‍ നിന്നും അമിത് ഷാ ഒഴിവായതിനെക്കുറിച്ചുള്ള ബി.ജെ.പി കേരളഘടകത്തിന്റെ വിശദീകരണം ഒഴിച്ച് കൂടാന്‍ പറ്റാത്ത ആവശ്യമായതിനാല്‍ ദല്‍ഹിക്ക് തിരിച്ചെന്നും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് തിരിച്ചെന്നുമായിരുന്നു. ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തേക്കാള്‍ ബി.ജെ.പി പ്രാധാന്യം നല്‍കുന്നത് കേരള മുഖ്യമന്ത്രിയുടെ നാട്ടിലൂടെയുള്ള യാത്രയ്ക്കാണെന്ന് നിസംശയം പറയാന്‍ കഴിയും.

ആ ദിവസത്തെ യാത്ര പരിപാടികള്‍ ഒഴിവാക്കി അമിത് ഷാ തിരിക്കണമെങ്കില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്. ചോദ്യാവലി കൈയ്യില്‍ കിട്ടിയ മകന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് അമിത് ഷാ യാത്ര അവസാനിപ്പിച്ച തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Dont Miss: 50000രൂപയില്‍ നിന്ന് 80കോടി ആസ്തിയുണ്ടാക്കുന്ന ബിസ്സിനസ്സ് എന്തോന്നെടേ; അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ വാര്‍ത്ത കൊടുത്തത് മഞ്ഞഓണ്‍ലൈന്‍ എന്ന് പോസ്റ്റിട്ട കെ.സുരേന്ദ്രന് പൊങ്കാല


തിരിച്ച് ദല്‍ഹിയിലെത്തിയ അമിത് ഷാ “പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ തയ്യാറെടുപ്പോടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ജെയ് ഷായുടെ കമ്പനി രേഖകള്‍ പരിശോധിച്ചു വാര്‍ത്തയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്.