കൊച്ചി: പൗരത്വനിയമത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പാക്കാനാവുമോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നാണ് ഷാ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷായുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
‘സംസ്ഥാനത്ത് ബി.ജെ.പി സീറ്റ് എണ്ണം കൂട്ടും. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത് ചെറുതായി ബാധിക്കും. പൗരത്വനിയമം നടപ്പാക്കാനാകുമോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനം മാറ്റം തീരുമാനിച്ചുകഴിഞ്ഞു,’ ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പൗരത്വനിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഷാ നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ബംഗാളില്‍ നടത്തിയ പ്രചരണത്തിനിടെയും ഇത്തരം പരാമര്‍ശങ്ങള്‍ ഷാ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.
ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം പൗരത്വനിയമം നടപ്പാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും ഷാ പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുന്നതിനിടെയായിരുന്നു ഷായുടെ പരാമര്‍ശം.
‘ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും. അഭയാര്‍ത്ഥികളായ കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നല്‍കാനും പദ്ധതി തയ്യാറാക്കും’, എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക