സുവര്‍ണനേട്ടവുമായി പൂജാറാണിയും അമിത് പങ്കലും; ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം
Indian Boxing
സുവര്‍ണനേട്ടവുമായി പൂജാറാണിയും അമിത് പങ്കലും; ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th April 2019, 11:24 pm

ബാങ്കോക്ക്: ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കലവും. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ പൂജാറാണിയും പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കലും സ്വര്‍ണം നേടി.

ലോകചാമ്പ്യന്‍ വാങ് ലിനയെ വീഴ്ത്തിയായിരുന്നു പൂജാ റാണിയുടെ സ്വര്‍ണനേട്ടം. ദക്ഷിണകൊറിയയുടെ കിം ഇന്‍ക്യൂവിനെ 5-0ത്തിനു തോല്‍പ്പിച്ചായിരുന്നു അമിത്തിന്റെ നേട്ടം. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും അമിത് സ്വര്‍ണം നേടിയിരുന്നു.

വനിതകളുടെ 64 കിലോഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജീത് കൗര്‍, പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ ദീപക് സിങ്, 56 കിലോഗ്രാം വിഭാഗത്തില്‍ കര്‍വീന്ദര്‍ സിങ് ബിഷ്ട്, 75 കിലോഗ്രാം വിഭാഗത്തില്‍ ആശിഷ് കുമാര്‍ എന്നിവരാണു വെള്ളി നേടിയത്.

ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ഉസ്‌ബെക്കിസ്താന്റെ മിരാസിബെക് മിര്‍സാഹലിലോവിനോടാണ് കര്‍വീന്ദര്‍ തോറ്റത്. നിലവിലെ ലോക ചാമ്പ്യനായ ഡൗ ഡാനിനോടായിരുന്നു സിമ്രാന്‍ജീതിന്റെ തോല്‍വി. ഉസ്‌ബെക്കിസ്താന്റെ നോദിര്‍ജോന്‍ മിര്‍സാനെദോവാണു ദേശീയ ചാമ്പ്യനായ ദീപക് സിങ്ങിനെ തോല്‍പ്പിച്ചത്.