|

രോഹിത്തിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവുമില്ല, പക്ഷെ അവൻ അങ്ങനെയല്ല: ഇന്ത്യൻ വെറ്ററൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടെയും വ്യക്തിത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസം എങ്ങനെയാണെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം അമിത് മിശ്ര.

രോഹിത്തിനെ കണ്ട ആദ്യദിവസത്തെ പെരുമാറ്റം തന്നെയാണ് ഇപ്പോഴും ഉള്ളത് എന്നും എന്നാല്‍ കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയതിനുശേഷം വ്യക്തിത്വത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായെന്നുമാണ് മിശ്ര പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വെറ്ററന്‍ താരം.

‘ഞാന്‍ കള്ളം പറയില്ല, ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വിരാടിനെ വളരെയധികം ബഹുമാനിക്കുന്നു. പക്ഷേ ഞാന്‍ അവനുമായി അടുപ്പം പങ്കിടുന്നില്ല. കോഹ്‌ലിയുടെയും രോഹിത്തിന്റെയും സ്വഭാവങ്ങള്‍ വ്യത്യസ്തമാണ്. കുറെ വര്‍ഷങ്ങളായി ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടില്ല. എന്നിട്ടും ഇപ്പോഴും ഐ.പി.എല്ലിന് ഇടയിലോ മറ്റേതെങ്കിലും പരിപാടികളിലോ രോഹിത്തിനെ കാണുമ്പോള്‍ അവന്‍ എന്നോട് തമാശ പറയാറുണ്ട്. ഞാന്‍ ഓരോരുത്തരോടും തമാശ പറയാറുണ്ട്. മറ്റൊരു കാര്യം എന്തെന്നാല്‍ അവന്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ഇപ്പോള്‍. ഞങ്ങള്‍ നല്ല രീതിയിലാണ് ബന്ധം നിലനിര്‍ത്തുന്നത്. രോഹിത് ടി-20 ലോകകപ്പും അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും നേടി,’ അമിത് മിശ്ര പറഞ്ഞു.

അമിത് മിശ്ര ഇന്ത്യക്കായി 22 ടെസ്റ്റ് മത്സരങ്ങളും 32 ഏകദിനങ്ങളുമാണ് കളിച്ചിട്ടുള്ളത്. കുട്ടി ക്രിക്കറ്റില്‍ 10 മത്സരങ്ങളിലും താരം പന്തെറിഞ്ഞു. ഇതില്‍ ഒമ്പത് ടെസ്റ്റ് മത്സരങ്ങളിലും ഏഴ് ഏകദിനത്തിലും രണ്ട് ടി-20യിലും ആണ് വിരാടിന്റെ ക്യാപ്റ്റന്‍സില്‍ മിശ്ര കളിച്ചത്. 2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് മിശ്ര അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്.

അതേസമയം രോഹിത് ശര്‍മയുടെ കീഴില്‍ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും ടി-20 കിരീടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായത്. ഈ ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത്, വിരാട്, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Amit Mishra talks about Virat Kohli and Rohit Sharma