ഇന്ത്യ-സിംബാബ്‌വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യമത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു.
ലോകകപ്പ് നേടിയ പ്രധാന താരങ്ങള്‍ക്ക് എല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യയെ ഈ പരമ്പരയിൽ നയിച്ചിരുന്നത്. ഇപ്പോഴിതാ ഈ പരമ്പരയിലെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം അമിത് മിശ്ര.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഗില്‍ യോഗ്യനല്ലെന്നാണ് മിശ്ര പറഞ്ഞത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു അമിത്.
‘ഞാന്‍ ആയിരുന്നെങ്കില്‍ ഗില്ലിനെ ക്യാപ്റ്റന്‍ ആക്കില്ലായിരുന്നു. ഐ.പി.എല്ലില്‍ അവന്റെ ക്യാപ്റ്റന്‍സി നമ്മള്‍ കണ്ടതാണ്. ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് അറിയില്ല. അവന് ക്യാപ്റ്റന്‍സിയെ കുറിച്ച് യാതൊരു വിവരവുമില്ല.
ഇന്ത്യന്‍ ടീമിന്റെ ഭാഗമായെന്ന് കരുതി അവനെ ഒരിക്കലും ക്യാപ്റ്റന്‍ ആക്കരുത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ കുറച്ച് സീസണുകളില്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പ്രകടനങ്ങൾ തന്നെയാണ് അവനെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചതും. എന്നാല്‍ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ക്യാപ്റ്റനായി ഗില്ലിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല,’ അമിത് മിശ്ര പറഞ്ഞു.
ടി-20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഒരുപാട് താരങ്ങള്‍ ഉണ്ടെന്നും മിശ്ര പറഞ്ഞു.
‘ടി-20യില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ ആവാന്‍ സാധിക്കുന്ന ഒരുപാട് താരങ്ങള്‍ ഉണ്ട്. സഞ്ജു സാംസണ്‍, റിഷബ് പന്ത്, ഗെയ്ക്വാദ് തുടങ്ങിയ വ്യത്യസ്ത ഓപ്ഷനുകള്‍ ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ബി.സി.സി.ഐ ഈ ഓപ്ഷനുകൾ പരീക്ഷിക്കുകയാണ് വേണ്ടത്,’ അമിത് മിശ്ര കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലിന്റെ ഈ സീസണിലാണ് ഗുജറാത്തിന്റെ ക്യാപ്റ്റന്‍സി ഗില്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം സീസണില്‍ ഫൈനലിസ്റ്റുകളുമായ ഗുജറാത്തിന് ഗില്ലിന്റെ കീഴിൽ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം മാത്രമേ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്തിന് നേടാന്‍ സാധിച്ചുള്ളൂ.
പന്തിന്റെ കീഴില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഏഴു വീതം മത്സരങ്ങള്‍ വിജയിച്ച 14 പോയിന്റോടെ ആറാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ധോണിക്ക് പകരക്കാരനായി ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുത്ത ഗെയ്ക്വാദിനും ഏഴു മത്സരങ്ങള്‍ വീതം വിജയവും തോല്‍വിയുമായി 14 പോയിന്റ് ചെന്നൈയെ അഞ്ചാം സ്ഥാനത്ത് എത്തിക്കാനെ സാധിച്ചുള്ളൂ.
മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന്റെ കീഴില്‍ മൂന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ റോയല്‍സ് 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.
Content Highlight: Amit Mishra talks about Shubhman Gill Captaincy