മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം ഉള്ള ഭാവി എന്താകുമെന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരം അമിത് മിശ്ര. സഞ്ജു സാംസണ്‍ അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണെന്നാണ് അമിത് മിശ്ര പറഞ്ഞത്. യൂട്യൂബ് ചാനലിലെ റിപ്പോര്‍ട്ട് കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ താരം.
‘സഞ്ജു സാംസണിന് ഇന്ത്യക്കൊപ്പം അടുത്ത ലോകകപ്പ് കളിക്കാന്‍ കഴിയും പക്ഷേ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കണമെങ്കില്‍ അദ്ദേഹം അസാധാരണമായ രീതിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടിവരും. അദ്ദേഹം ഇപ്പോള്‍ ടീമില്‍ ഉണ്ട് അതുകൊണ്ടുതന്നെ അടുത്ത ലോകകപ്പ് നടക്കുന്നത് വരെ തന്റെ സ്ഥാനം ടീമില്‍ നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കണം. അല്ലാത്തപക്ഷം ഇതു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും,’ അമിത് മിശ്ര പറഞ്ഞു.
നീണ്ട 17 വര്‍ഷങ്ങളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോക കിരീടം കെന്‍സിങ്ടണ്‍ ഓവലിലെ ബാര്‍ബഡോസിന്റെ മണ്ണില്‍ നിന്നും നേടുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കുവേണ്ടി ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.
ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല.
എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ടി-20യില്‍ സിംബാബ്വേക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും സഞ്ജുവിന് സാധിച്ചു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.
Content Highlight: Amit Mishra talks about Sanju Samson