ധോണിയും കോഹ്‌ലിയും എന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചു: വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം
Cricket
ധോണിയും കോഹ്‌ലിയും എന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചു: വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th July 2024, 12:10 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും തന്റെ കരിയറില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥിരമായ സ്ഥാനം നഷ്ടമായതിനെ കുറിച്ചാണ് മിശ്ര സംസാരിച്ചത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു അമിത്.

‘ടീം സെലക്ഷന്‍ എന്നത് ഒരു താരത്തിന്റെ കഴിവില്‍ ആശ്രയിക്കുന്നതല്ല അവിടെ ഫേവറിസത്തിന് വളരെയധികം മുന്‍ഗണനയുണ്ട്. കളത്തില്‍ മികച്ച പ്രകടനം നടത്തിയിട്ട് കാര്യമില്ല, ക്യാപ്റ്റനാണ് പ്ലെയിങ് ഇലവനെ തീരുമാനിക്കുക. എം.എസ്. ധോണിയുമായി എനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു.

പക്ഷേ എന്തുകൊണ്ടാണ് എന്നെ ടീമില്‍ തെരഞ്ഞെടുക്കാത്തതെന്ന് ഞാന്‍ രണ്ടു തവണ അന്വേഷിച്ചപ്പോള്‍ ടീമിന്റെ കോമ്പിനേഷനുമായി ഞാന്‍ യോജിക്കുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എനിക്ക് വിശ്രമം നല്‍കാമെന്ന് ധോണി എന്നെ അറിയിക്കുകയായിരുന്നു. ആ സമയങ്ങളില്‍ ഞാന്‍ പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ പോലും കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ഇടവേള എടുക്കാന്‍ ഒരു കാരണവും എനിക്കുണ്ടായിരുന്നില്ല.

ധോണിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ കോച്ചിനോടാണ് ഇതിനെപ്പറ്റി ചോദിച്ചത്. അപ്പോള്‍ ധോണിയോട് നേരിട്ട് സംസാരിക്കാന്‍ കോച്ച് എന്നോട് ആവശ്യപ്പെട്ടു. പക്ഷേ എനിക്ക് ധോണിയോട് ഇതിനെക്കുറിച്ച് ചോദിക്കാന്‍ കഴിയില്ല എന്ന് തോന്നി,’ അമിത് മിശ്ര പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും മിശ്ര സംസാരിച്ചു.

‘ഐ.പി.എല്ലിന്റെ സമയത്ത് ഞാന്‍ ആര്‍.സി.ബിക്കെതിരെയുള്ള കളിയുടെ സമയത്ത് ഞാന്‍ എന്റെ കരിയര്‍ സാധ്യതകളെക്കുറിച്ച് മാനേജ്‌മെന്റിനോട് വ്യക്തത തേടി. അവര്‍ ഈ വിഷയത്തെക്കുറിച്ച് പരിശോധിച്ചുകൊണ്ട് വിവരം അറിയിക്കാം എന്നാണ് എന്നോട് പറഞ്ഞത്. 2016ലെ ശ്രീലങ്ക പരമ്പരയില്‍ മികച്ച കാര്യക്ഷമതയുള്ള ഒരു സ്പിന്നറെ ഇന്ത്യന്‍ ടീമിന് ആവശ്യമായിരുന്നു. ആ സമയങ്ങളില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടായിരുന്നു.

ഞാന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ കോഹ്‌ലിക്കൊപ്പം വ്യക്തിപരമായി പരിശീലിക്കണമെന്ന് എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് അദ്ദേഹത്തെപ്പോലെ ഭാരം ഉയര്‍ത്താന്‍ കഴിയില്ലെന്നും വിരാട് പറയുന്ന മറ്റ് ഏത് പരിശീലനത്തിനും വിധേയനാവാന്‍ ഞാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.

എന്നിരുന്നാലും പിന്നീടുള്ള എന്റെ ഭാവിയെക്കുറിച്ച് കോഹ്‌ലിയോട് ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ എനിക്ക് കൃത്യമായ ഉത്തരം ലഭിച്ചില്ല. ഞാന്‍ കോഹ്‌ലിക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം സന്ദേശം വായിക്കുക മാത്രമാണ് ചെയ്തത്. എന്നോട് മടങ്ങിവരണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല,’ അമിത് മിശ്ര പറഞ്ഞു.

അമിത് മിശ്ര ഇന്ത്യക്കായി 22 ടെസ്റ്റ് മത്സരങ്ങളും 32 ഏകദിനങ്ങളുമാണ് കളിച്ചിട്ടുള്ളത്. കുട്ടി ക്രിക്കറ്റില്‍ 10 മത്സരങ്ങളിലും താരം പന്തെറിഞ്ഞു. ഇതില്‍ ഒമ്പത് ടെസ്റ്റ് മത്സരങ്ങളിലും ഏഴ് ഏകദിനത്തിലും രണ്ട് ടി-20യിലും ആണ് വിരാടിന്റെ ക്യാപ്റ്റന്‍സില്‍ മിശ്ര കളിച്ചത്. 2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് മിശ്ര അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്.

 

Content Highlight: Amit Mishra Talks About Challenges Faced In His Cricket Career