ഇന്ത്യന്‍ ക്രിക്കറ്റില്‍ അനില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിച്ച ലെഗ് സ്പിന്‍ ബൗളറാണ് അമിത് മിശ്ര. നിലവില്‍ വിരമിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ കാലങ്ങളായി താരത്തിന്റെ സാനിധ്യമില്ല. എന്നാല്‍ ഇന്ത്യന്‍ ടീം തന്നെ അവഗണിച്ചതിനെക്കുറിച്ചും താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് മിശ്ര.
ടീം സെലക്ഷനില്‍ നിന്ന് തന്നെ മാറ്റിയെന്നും തുടര്‍ന്ന് കാലങ്ങള്‍ക്ക് ശേഷം തന്നെ ടീമിലേക്ക് കൊണ്ടുവന്നത് വിരാടാണെന്നും മിശ്ര പറഞ്ഞു. എന്നിരുന്നാലും വിരാടില്‍ നിന്നും തനിക്ക് മോശം അനുഭവം ഇണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്.
‘2016ലെ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള എന്റെ തിരിച്ചുവരവില്‍ വിരാട് കോഹ്‌ലി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ഐ.പി.എല്ലില്‍ ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീലങ്കന്‍ സാഹചര്യങ്ങളില്‍ കാര്യക്ഷമതയുള്ള ഒരു ലെഗ് സ്പിന്നറെ ടീമിന് ആവശ്യമായിരുന്നു. ഞാന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍, വിരാട് തന്റെ ഒപ്പം പരിശീലിക്കണമെന്ന് എന്നോട് പറഞ്ഞു. എനിക്ക് അദ്ദേഹത്തെപ്പോലെ ഭാരം ഉയര്‍ത്താന്‍ കഴിയില്ലെന്നും, വിരാട് ശുപാര്‍ശ ചെയ്യുന്ന മറ്റേതെങ്കിലും പരിശീലനം ഞാന്‍ ചെയ്യാമെന്നും പറഞ്ഞു.
എന്നിരുന്നാലും, പിന്നീട് എന്റെ ഭാവിയെക്കുറിച്ച് കോഹ്‌ലിയോട് വീണ്ടും ചോദിച്ചപ്പോള്‍ എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഞാന്‍ അദ്ദേഹത്തിന് സന്ദേശമയയ്ക്കുക പോലും ചെയ്തു, പക്ഷേ അദ്ദേഹം അത് വായിച്ച് അറിയിക്കാം എന്ന് മാത്രം പറഞ്ഞു, പക്ഷെ ഒന്നും അദ്ദേഹം ചെയ്തില്ല,’ മിശ്ര വെളിപ്പെടുത്തി.
22 ടെസ്റ്റുകള്‍, 36 ഏകദിനങ്ങള്‍, 10 ടി20കള്‍ എന്നിവയില്‍ 156 വിക്കറ്റുകള്‍ നേടിയ മികച്ച അന്താരാഷ്ട്ര കരിയര്‍ ഉണ്ടായിരുന്നിട്ടും, മിശ്രയുടെ കരിയര്‍ മോശം രീതിയിലാണ് അവസാനിച്ചത്.
Content Highlight: Amit Mishra Talking About Virat Kohli