| Saturday, 17th August 2024, 1:36 pm

ക്യാപ്റ്റന്‍മാരാണ് ഇലവന്‍ തീരുമാനിക്കുന്നത്, കോമ്പിനേഷന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കി; വെളിപ്പെടുത്തലുമായി അമിത് മിശ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനെ പോലെ ഇടം നേടിയ താരമായിരുന്നു അമിത് മിശ്ര. നിലവില്‍ വിരമിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ നിന്ന് താരം നേരിട്ട അനുഭവങ്ങളും വെല്ലുവിളികളും തുറന്നുപറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് അമിത് മിശ്ര. ടീം സെലക്ഷന്‍ തീരുമാനങ്ങളും മറ്റ് താരങ്ങളുടെ ഇടപെടലും ദേശീയ ടീമില്‍ നിന്ന് സ്പിന്നറെ മാറ്റിനിര്‍ത്തിയെന്നാണ് മിശ്ര പറഞ്ഞത്.

‘ടീം സെലക്ഷന്‍ കളിക്കാനുള്ള കഴിവിന് മാത്രമല്ല, ക്രിക്കറ്റില്‍ നായകന്റെ ഇഷ്ടത്തിന് വലിയ പ്രാധാന്യം ഉണ്ട്. ക്രിക്കറ്റ് പിച്ചില്‍ കേവലം മികവ് പുലര്‍ത്തിയാല്‍ പോരാ. ക്യാപ്റ്റനാണ് പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നു. എം.എസ്. ധോണിയുമായി എനിക്ക് ശക്തമായ ബന്ധമുണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടാണ് എന്നെ തെരഞ്ഞെടുക്കാത്തതെന്ന് ഞാന്‍ രണ്ടുതവണ അന്വേഷിച്ചപ്പോള്‍, ടീമിന്റെ കോമ്പിനേഷനുമായി ഞാന്‍ യോജിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു,’ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് പരിപാടിയില്‍ ‘അണ്‍പ്ലഗ്ഡില്‍’ മിശ്ര പറഞ്ഞു.

‘ഞാന്‍ ആവശ്യപ്പെട്ടില്ലെങ്കിലും എനിക്ക് വിശ്രമം നല്‍കാമെന്ന് എന്നെ അറിയിച്ചു. ആ സമയത്ത്, ഞാന്‍ 10 ടെസ്റ്റ് മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ല, അതിനാല്‍ ഒരു ഇടവേള ചോദിക്കാന്‍ ഞാന്‍ ഒരു കാരണവും കണ്ടില്ല. സത്യം പറഞ്ഞാല്‍, ധോണിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ എനിക്കായില്ല.

ഞാന്‍ കോച്ചിനോട് ചോദിച്ചു, ധോണിയോട് നേരിട്ട് സംസാരിക്കാന്‍ പറഞ്ഞു, പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നി. ഞാന്‍ വീണ്ടും പരിശീലകനോട് ചോദിച്ചപ്പോള്‍, എനിക്ക് വിശ്രമം നല്‍കിയെന്നാണ് അദ്ദേഹം പറഞ്ഞു,’ മിശ്ര കൂട്ടിച്ചേര്‍ത്തു.

അനില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിച്ച മിശ്ര തുടര്‍ന്ന് എം.എസ്. ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും നേതൃത്വത്തില്‍ കളിച്ചു. 22 ടെസ്റ്റുകള്‍, 36 ഏകദിനങ്ങള്‍, 10 ടി20കള്‍ എന്നിവയില്‍ 156 വിക്കറ്റുകള്‍ നേടിയ മികച്ച അന്താരാഷ്ട്ര കരിയര്‍ ഉണ്ടായിരുന്നിട്ടും, മിശ്രയുടെ കരിയര്‍ മോശം രീതിയിലാണ് അവസാനിച്ചത്.

Content Highlight: Amit Mishra Talking about Dhoni

We use cookies to give you the best possible experience. Learn more