| Wednesday, 25th May 2022, 5:06 pm

ഇന്ത്യയുടെ കാര്യത്തില്‍ പുറത്ത് നിന്നുള്ള ഒരുത്തനും തലയിടേണ്ട; ഷാഹിദ് അഫ്രിദിക്കെതിരെ ആഞ്ഞടിച്ച് അമിത് മിശ്ര

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രിദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. എല്ലാ കാര്യങ്ങളും താങ്കളുടെ പിറന്നാള്‍ പോലെ തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമാണ് മിശ്ര പറഞ്ഞത്.

തീവ്രവാദവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന യാസിന്‍ മാലിക്കിന് അനുകൂലമായുള്ള അഫ്രിദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മിശ്രയുടെ മറുപടി.

ട്വിറ്ററിലൂടെയായിരുന്നു ഇരുവരും കൊമ്പുകോര്‍ത്തത്.

‘മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ എല്ലാം തന്നെ വ്യര്‍ത്ഥമാണ്. ഇത് യാസിന്‍ മാലിക്കിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളാണ്.

കശ്മീരിന്റെ സ്വാതന്ത്ര്യത്തെ ഒരിക്കലും തടയാനാവില്ല. കശ്മീരിലെ നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം നിയമവിരുദ്ധ വിചാരണകള്‍ യു.എന്നിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു അഫ്രിദിയുടെ ട്വീറ്റ്.

ഇതിനെതിരെയാണ് അമിത് മിശ്ര രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘പ്രിയപ്പെട്ട ഷാഹിദ് അഫ്രിദി, അവന്‍ എല്ലാ കാര്യങ്ങളും കോടതിയില്‍ സമ്മതിച്ചതാണ്. എല്ലാ കാര്യങ്ങളും നിങ്ങളുടെ ജനന തീയ്യതി പോലെ തെറ്റിദ്ധരിപ്പിക്കുന്നതല്ല,’ എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്.

നേരത്തെ, ഇന്ത്യ ശത്രുരാജ്യമാണെന്ന തരത്തിലുള്ള ഒരു പ്രസ്താവനയും അഫ്രിദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാല്‍ അഫ്രിദിയുടെ പ്രസ്താവന തെറ്റാണെന്ന് കാണിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയയും രംഗത്ത് വന്നിരുന്നു.

ഒരു ഇന്ത്യന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഫ്രിദി ശത്രുരാജ്യമെന്ന പദം ഉപയോഗിച്ചത്.

”ഇന്ത്യ ഒരിക്കലും നമ്മുടെ ശത്രുവല്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കള്‍. ഇന്ത്യയെ നിങ്ങളുടെ ശത്രുവായി കരുതുന്നുവെങ്കില്‍, ഒരിക്കലും ഇന്ത്യന്‍ ചാനലിനോ മീഡിയയ്ക്കോ അഭിമുഖം നല്‍കരുത്,’ എന്നായിരുന്നു കനേരിയ പറഞ്ഞത്.

ഇതിന് പിന്നാലെ വ്യാപകമായ സൈബര്‍ അറ്റാക്കായിരുന്നു കനേരിയയ്ക്ക് നേരിടേണ്ടി വന്നത്. ഇന്ത്യ ശത്രുരാജ്യമല്ലെങ്കില്‍ അങ്ങോട്ട് തന്നെ പോവാനും കനേരിയയ്ക്ക് പാകിസ്ഥാനില്‍ നില്‍ക്കാന്‍ അര്‍ഹതയില്ല തുടങ്ങിയ രീതിയിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്.

Content highlight: Amit Mishra slams Afridi for interfering in India’s internal matter

We use cookies to give you the best possible experience. Learn more