| Thursday, 8th September 2022, 8:36 pm

അപ്പോള്‍ ഇനി താമസം ചാണകത്തിലാവും അല്ലേ? അതിന് ഞാന്‍ പാകിസ്ഥാനിലേക്ക് വരുന്നില്ലല്ലോ; ചൊറിയാന്‍ വന്ന പാകിസ്ഥാന്‍ നടിയോട് അമിത് മിശ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നിരാശയോടെയാണ് ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് 2022നോട് വിടപറയുന്നത്. കിരീടം സ്വന്തമാക്കാന്‍ ഏറെ സാധ്യത കല്‍പിച്ചിരുന്ന ടീമായിട്ടുകൂടിയും മോശം പ്രകടനം പുറത്തെടുത്തിന്റെ പേരില്‍ ഇന്ത്യക്ക് പുറത്താവേണ്ടി വന്നിരിക്കുകയാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെ കുതിച്ച ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ കാലിടറുകയായിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോടും തോല്‍വി ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് മുമ്പില്‍ നേരിയ സാധ്യത തുറക്കുമായിരുന്നു. ഇക്കാര്യം കൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം അഫ്ഗാനിസ്ഥാന് പിന്തുണയറിയിച്ച് എത്തിയിരുന്നു.

മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയും അഫ്ഗാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അഫ്ഗാന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഒരാഴ്ച താന്‍ അഫ്ഗാന്‍ ചാപ്‌സ് കഴിക്കുമെന്നായിരുന്നു മിശ്ര ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാന്‍ ഒറ്റ വിക്കറ്റിന് ജയിക്കുകയായിരുന്നു.

മത്സരത്തില്‍ അഫ്ഗാന്‍ തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ നടിയായ സെഹര്‍ ഷിന്‍വാരി അമിത് മിശ്രയെ കളിയാക്കുകയായിരുന്നു. പാവം അമിത് മിശ്ര ഇനി ഒരാഴ്ചക്കാലം ചാണകത്തില്‍ കഴിയേണ്ടി വരും എന്നായിരുന്നു ഷിന്‍വാരി ട്വീറ്റ് ചെയ്തത്.

എന്നാല്‍, അമിത് മിശ്ര ഇതിന് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്. തനിക്ക് പാകിസ്ഥാനിലേക്ക് വരാന്‍ ഒരു പ്ലാനും ഇല്ലെന്നായിരുന്നു മിശ്രയുടെ പ്രതികരണം.

ഏതായാലും അമിത് മിശ്രയെ എയറില്‍ കയറ്റാന്‍ വന്നിട്ട് സ്വയം എയറില്‍ കയറിയ പാകിസ്ഥാന്‍ നടിയെ സോഷ്യല്‍ മീഡിയയില്‍ ട്രോളിക്കൊല്ലുകയാണ്. ഇന്ത്യ കളിയോ ജയിച്ചില്ല, എന്നാല്‍ ഇതെങ്കിലും നടക്കട്ടെ എന്ന മട്ടിലാണ് ആരാധകര്‍.

അതേസമയം, ഇന്ത്യയും അഫ്ഗാനും സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. നിലവില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്.

രോഹിത് ശര്‍മക്ക് പകരം കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

നിലവില്‍ 13 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇന്ത്യ ഇലവന്‍

കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്

അഫ്ഗാനിസ്ഥാന്‍ ഇലവന്‍

ഹസ്രത്തുള്‍ സസായി, റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹീം സര്‍ദാന്‍, കരീം ജനത്, നജിബുള്ള സര്‍ദാന്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍,അസ്മത്തുള്ള ഒമര്‍സായ്, ഫരീദ് അഹമ്മദ്, മുജീബുര്‍ റഹ്‌മാന്‍, ഫസലാഖ് ഫാറൂഖി

Content Highlight: Amit Mishra responds to Pakistani actress after Afghanistan’s defeat in Asia Cup 2022.

We use cookies to give you the best possible experience. Learn more