| Wednesday, 17th July 2024, 3:16 pm

സഞ്ജുവിന് വയസായി, അടുത്ത ലോകകപ്പിനുണ്ടാകില്ല; പകരം ഇവരുണ്ടല്ലോ! തുറന്നടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു സാംസണ്‍ ദേശീയ ടീമിനായി ഒരു ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ലോകകപ്പിലെ ഒറ്റ മത്സരത്തില്‍ പോലും പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചില്ലെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളില്‍ താരമെത്തിയിരുന്നു.

റിഷബ് പന്തായിരുന്നു ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

ഈ ലോകകപ്പില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ സാംസണിന്റെ സ്ഥാനം ടീമില്‍ സ്ഥിരമായേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ നിന്നും പടിയിറങ്ങിയതോടെ ആ സ്ഥാനത്തേക്കുള്ള ഏറ്റവും മികച്ച ഓപ്ഷനായാണ് ആരാധകര്‍ സഞ്ജുവിനെ കാണുന്നത്. മികച്ച രീതിയില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ കണ്ടീഷനില്‍ നടക്കുന്ന 2026 ടി-20 ലോകകപ്പിലും സഞ്ജു ടീമിന്റെ ഭാഗമായേക്കും.

എന്നാല്‍ ഈ അഭിപ്രായമല്ല മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അമിത് മിശ്രക്കുള്ളത്. സഞ്ജുവിന് പ്രായമായെന്നാണ് മിശ്ര പറയുന്നത്. നിലവില്‍ 29കാരനായ സഞ്ജുവിന് പകരം ആ സ്ഥാനത്തേക്ക് യുവതാരങ്ങളെത്തിയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സൗരഭ്കുമാര്‍ മിശ്രയുടെ പോഡ്കാസ്റ്റിലാണ് മിശ്ര ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് അങ്ങനെ തോന്നുന്നില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം നിരവധി യുവതാരങ്ങളുണ്ട്. ടി-20യില്‍ യുവതാരങ്ങളാണ് കൂടുതല്‍ മികച്ച രീതിയില്‍ പ്രകടനം നടത്തുക എന്ന ഐഡിയ വിരാട് കോഹ്‌ലി മുമ്പോട്ട് വെച്ചിരുന്നു.

അവന് അടുത്ത ലോകകപ്പ് കളിക്കണമെങ്കില്‍ അവന്‍ അത്രത്തോളം മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. അവന്‍ ടീമിന്റെ ഭാഗമാണെങ്കില്‍ അടുത്ത ലോകകപ്പ് വരെ അവന്‍ മികച്ച പ്രകടനം നടത്തി ടീമില്‍ തുടരണം. അപ്പോള്‍ സഞ്ജുവിനെ പരിഗണിക്കാം. അല്ലാത്തപക്ഷം അത് ഏറെ ബുദ്ധിമുട്ടായിരിക്കും. കാരണം നിരവധി യുവതാരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുന്നുണ്ട്.

ഇഷാന്‍ കിഷന്‍, വളരെ മികച്ച താരമാണ്, അവന്‍ അന്താരാഷ്ട്ര ടി-20 ടീമില്‍ നിന്നും പുറത്താണ്. റിഷബ് പന്ത് എല്ലായ്‌പ്പോഴും അവിടെയുണ്ട്. ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ… ഇത് വലിയൊരു നിരയാണ്,’ മിശ്ര പറഞ്ഞു.

Content highlight: Amit Mishra about Sanju Samson

We use cookies to give you the best possible experience. Learn more