ദല്‍ഹി: ദി വയര്‍ എഡിറ്റര്‍മാരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ 15 ദിവസത്തിനകം തിരികെ നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ബി.ജെ.പി ഐ.ടി സെല്‍മേധാവി അമിത് മാളവ്യയുടെ പരാതിയിലായിരുന്നു ദി വയര്‍ എഡിറ്റര്‍മാരുടെ വീടുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ദല്‍ഹി പൊലീസ് പിടിച്ചെടുത്തത്. ഇവ 15 ദിവസത്തിനകം തിരികെ നല്‍കണമെന്നും അനിശ്ചിത കാലത്തേക്ക് കസ്റ്റഡിയില്‍ വെക്കാന്‍ പറ്റില്ല എന്നുമാണ് കോടതിയുടെ ഉത്തരവ്.
തുടരന്വേഷണത്തിന് ഈ ഉപകരണങ്ങള്‍ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇപ്പോള്‍ ശേഖരിച്ച വിവരങ്ങള്‍ വെച്ച് അന്വേഷണ നടത്തിയാല്‍ മതിയെന്നായിരുന്നു കോടതി പറഞ്ഞത്. ഭാവിയിലെ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പി ഐ.ടി സെല്‍മേധാവി അമിത് മാളവ്യയുടെ പരാതിയില്‍ ദി വയര്‍ എഡിറ്റര്‍മാരായ സിദ്ധര്‍ത്ഥ് വരദരാജന്‍, എം.കെ വേണു തുടങ്ങിയവരുടെ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തത്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങള്‍ ദി വയറിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നായിരുന്നു അമിത് മാളവ്യയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ഗൂഢാലോചന, കൃത്രിമമായി രേഖകളുണ്ടാക്കി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ദി വയറിനെതിരെ കേസെടുക്കുകയും ചെയ്തു.
അന്ന് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിന്നീട് വിട്ടുനല്‍കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ കോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായിരിക്കുന്നത്. പൊലീസിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് കോടതി ഉപകരണങ്ങള്‍ വിട്ടു നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഭാവിയില്‍ അന്വേഷണത്തിന്റെ ഭാഗമായി ഈ ഉപകരണങ്ങള്‍ ആവശ്യമായി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചില്ല. അപ്പോള്‍ ശേഖരിച്ച വിവരങ്ങള്‍ വെച്ച് അന്വേഷിച്ചാല്‍ മതിയെന്നും ഭാവിയിലെ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും നിരീക്ഷിച്ച കോടതി ഉപകരണങ്ങള്‍ 15 ദിവസത്തിനകം വിട്ടുനല്‍കണമെന്നും ഉത്തരവിട്ടു.
വലിയ തിരിച്ചടിയാണ് ബി.ജെ.പി ഐടി സെല്‍മേധാവിക്കും ദല്‍ഹി പൊലീസിനും ഈ കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. ബി.ജെ.പിയെയും എന്‍.ഡി.എ സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിച്ച മാധ്യമമെന്ന നിലയില്‍ വളരെയേറെ വേട്ടയാടലുകള്‍ക്ക് വിധേയമായ സ്ഥാപനമാണ് ദി വയര്‍.
CONTENT HIGHLIGHTS; Amit Malvyak hits back; Court orders return of electronic equipment seized from The Wire editors