ബി.ജെ.പി ഐ.ടി സെല്‍ മേധാവി സ്ഥാനത്ത് നിന്ന് അമിത് മാളവ്യയെ പുറത്താക്കണം; ലൈംഗികാരോപണ പരാതിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്
India
ബി.ജെ.പി ഐ.ടി സെല്‍ മേധാവി സ്ഥാനത്ത് നിന്ന് അമിത് മാളവ്യയെ പുറത്താക്കണം; ലൈംഗികാരോപണ പരാതിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 10:51 am

ന്യൂദല്‍ഹി: ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച അമിത് മാളവ്യ ഇനിയും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഓഫീസുകളിലും വെച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആര്‍.എസ്.എസ് നേതാവ് ശന്തനു സിന്‍ഹയുടെ ആരോപണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് മാളവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

എന്നാല്‍ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കാട്ടി സുപ്രിയയ്‌ക്കെതിരെ നഷ്ടപരിഹാര നോട്ടീസ് അയച്ചിരിക്കുകയാണ് മാളവ്യ.

അമിത് മാളവ്യക്കെതിരായ ആരോപണങ്ങള്‍ തങ്ങള്‍ ഉന്നയിച്ചതല്ലെന്നും ആര്‍.എസ്.എസ് നേതാവ് ശന്തനു സിന്‍ഹയാണ് മാളവ്യക്കെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സുപ്രിയ മറുപടി നല്‍കി.

അന്വേഷണം സുതാര്യമായിരിക്കണം. അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള ഒരു പദവിയിലാണ് അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നത്. ആ പദവിയില്‍ നിന്നും അയാളെ നീക്കണം, സുപ്രിയ പറഞ്ഞു.

ബി.ജെ.പിയില്‍ നിന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍, ബി.ജെ.പിയുടെ ഒരു പ്രമുഖ നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണ പരാതി ഉയര്‍ന്നിരിക്കുന്നു. അദ്ദേഹം എത്രയും പെട്ടെന്ന് തന്റെ പദവി രാജിവെക്കുകയാണ് വേണ്ടത്,’ സുപ്രിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരോപണങ്ങള്‍ ഉന്നയിച്ച ആര്‍.എസ്.എസ് നേതാവ് ശാന്തനു സിന്‍ഹയ്‌ക്കെതിരെ അമിത് മാളവ്യ കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ശാന്തനു ഉയര്‍ത്തിയതെല്ലാം അപകീര്‍ത്തിപരമായ ആരോപണങ്ങളാണെന്നും തന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്നവയാണെന്നും അവ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് അമിത് മാളവ്യ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ അമിത് മാളവ്യക്കെതിരെ പാര്‍ട്ടി അനുയായികള്‍ തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ ബി.ജെ.പി ഐ.ടി സെല്‍ തലവനായ അമിത് മാളവ്യയാണെന്നാണ് പാര്‍ട്ടി അനുയായികള്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അമിത് മാളവ്യ തെറ്റായതെല്ലാം കൃത്യമായി നടപ്പിലാക്കിയെന്നാണ് ഇവര്‍ പറഞ്ഞത്. ഇത് എന്‍.ഡി.എ സഖ്യത്തെ കനത്ത തോല്‍വിയിലേക്ക് നയിച്ചുവെന്ന് ബി.ജെ.പി അനുയായികള്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി അനുയായികളുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് മാളവ്യ രാജിവെക്കണമെന്ന് വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുകയാണ്. നിലവില്‍ എക്‌സില്‍ #ResignAmitMalviya എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രവര്‍ത്തകര്‍ അമിത് മാളവ്യയോടുള്ള അമര്‍ഷം പ്രകടിപ്പിക്കുന്നത്. അമിത് മാളവ്യക്കെതിരായ പ്രതിഷേധ ഹാഷ്ടാഗ് എക്‌സില്‍ ട്രെന്‍ഡിങ്ങുമായിരുന്നു.

അമിത് മാളവ്യയുടെ മുഴുവന്‍ തന്ത്രങ്ങളും പാളിയെന്നും ഇതുപോലൊരു സംഘാടകനെ ഇനി ബി.ജെ.പിക്ക് ആവശ്യമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്‍.ഡി.എ സഖ്യം ഒളിമ്പിക്സ് നഷ്ടപ്പെടുത്തിയപ്പോള്‍ അമിത് മാളവ്യ അതിലെ ഗോള്‍ഡ് മെഡല്‍ നഷ്ടപ്പെടുത്തിയെന്നാണ് ചിലര്‍ പറഞ്ഞത്.

നിലവില്‍ ഉത്തര്‍പ്രദേശില്‍ അടക്കം ബി.ജെ.പിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ അവസാനിക്കുന്നതായാണ് റിപ്പോര്‍ട്ട്.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതിനാല്‍ സഖ്യകക്ഷികളായ ടി.ഡി.പിയുടേയും ജെ.ഡി.യുവിന്റേയും സഹായത്തോടെയാണ് സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്.

Content Highlight: Amit Malviya faces ‘sexual exploitation’ allegations from RSS member; Congress seeks his removal