|

ശിവകുമാര്‍ ഹിന്ദു; സിദ്ധരാമയ്യ നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റും; ഇപ്പോള്‍ കോണ്‍ഗ്രസ് ഡി.കെ.യെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു: അമിത് മാളവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഹിന്ദുവിശ്വാസിയായത് കൊണ്ടാണ് തഴയുന്നതെന്ന് ബി.ജെ.പി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് ഇന്‍-ചാര്‍ജ് അമിത് മാളവ്യ. അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കമ്മ്യൂണിസ്റ്റും നിരാശ്വരവാദിയുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഗാന്ധി കുടുംബം രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റിനെ പോലെ ഡി.കെ. ശിവകുമാറിനെയും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘സച്ചിന്‍ പൈലറ്റും ഡി.കെ. ശിവകുമാറും തമ്മില്‍ അസാമാന്യ ബന്ധമുണ്ട്. പൈലറ്റിനെ പോലെ കര്‍ണാടകയില്‍ അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് ഡി.കെയാണ്.

എന്നാല്‍ ഗാന്ധി കുടുംബം പൈലറ്റിനെ വെട്ടി, മുഖ്യമന്ത്രിയാകാന്‍ ചെറിയ താല്‍പര്യം മാത്രമുണ്ടായിരുന്ന അശോക് ഗെലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കി.

ഇപ്പോള്‍ ഡി.കെ. ശിവകുമാറിനെ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയ മറവിയെക്കുറിച്ച് അദ്ദേഹത്തിനറിയാം.

പക്ഷേ ഗാന്ധിമാര്‍ (പ്രത്യേകിച്ച് സോണിയ ഗാന്ധി) ആഗ്രഹമുള്ള, ഗാന്ധി സഹോദരങ്ങളെ മറികടക്കാന്‍ കഴിവുള്ളവരെ ഇഷ്ടപ്പെടുന്നില്ല.

മറുവശത്ത് ഡി.കെ. ശിവകുമാര്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ഹിന്ദുവാണ്. അദ്ദേഹം ക്ഷേത്രങ്ങളില്‍ പോകാന്‍ വിമുഖത കാണിക്കാറില്ല. അദ്ദേഹം സിദ്ധരാമയ്യയെ പോലെ നിരീശ്വരവാദിയോ കമ്മ്യൂണിസ്‌റ്റോ അല്ല.

ചോദ്യമിതാണ് ശിവകുമാര്‍ ഇതിനെ മറിക്കടക്കുമോ? അല്ലെങ്കില്‍ ഇരുവരുടെയും പരസ്പര വൈരാഗ്യം കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഭാവി തകര്‍ക്കുമോ,’ അദ്ദേഹം പറഞ്ഞു.

content highlight: amit malavya about dk shivakumar