ന്യൂദല്‍ഹി: സമാധാനം തകര്‍ത്താല്‍ ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്ന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബി.ജെ.പി. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ജീവനോടെയുള്ളപ്പോള്‍ കര്‍ണാടകയില്‍ പ്രിയങ്ക് ഖാര്‍ഗെ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുകയാണോ എന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവിയായ അമിത് മാളവ്യ ചോദിച്ചു.
‘പ്രിയങ്ക് ഖാര്‍ഗെ കര്‍ണാടകയിലെ സൂപ്പര്‍ മുഖ്യമന്ത്രിയാണോ? അതോ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായതിനാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും മറികടന്ന് എന്തും പറയാമെന്നാണോ കരുതുന്നത്?
സ്വന്തമായൊരു വകുപ്പ് പോലുമില്ലാത്ത മന്ത്രിമാരെ ഇത്തരം ജല്‍പ്പനങ്ങള്‍ പറയാന്‍ വിടുന്നതിന് പകരം, കോണ്‍ഗ്രസ് അതിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
കര്‍ണാടകയില്‍ ജനങ്ങള്‍ അസ്വസ്ഥരാകുകയാണ്. ഇതിനോടകം തന്നെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ജനം ധിക്കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ തങ്ങളുടെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയാല്‍ ജനം തെരുവിലിറങ്ങാന്‍ തയ്യാറാവും’ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തെന്ന കേസില്‍ മുന്‍ ബി.ജെ.പി മന്ത്രി അശ്വത് നാരായണനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണവേളയിലായിരുന്നു മുന്‍മന്ത്രിയുടെ വിവാദ പരാമര്‍ശം. ടിപ്പു സുല്‍ത്താനെ ഇല്ലാതാക്കിയ പോലെ സിദ്ധരാമയ്യയെയും തട്ടിക്കളയണമെന്നായിരുന്നു അശ്വത് മുമ്പ് പറഞ്ഞത്.
അതേസമയം, കാവി ഷാളോ ചരടോ അണിഞ്ഞ് പൊലീസുകാര്‍ സംസ്ഥാനത്ത് ജോലിക്ക് വരുന്നത് വിലക്കി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉത്തരവിട്ടു. ഇത്തരത്തില്‍ ജോലിക്കെത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
മംഗളൂരു, വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞ് ജോലിക്കെത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഉപമുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. കര്‍ണാടക പൊലീസ് സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.