നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാല്‍ സിങ് ചദ്ദയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍.
എന്നാല്‍, ലാല്‍ സിങ് ചദ്ദ ബഹിഷ്‌കരിക്കണമെന്നും സിനിമ കാണരുതെന്നുമുള്ള വലിയ രീതിയിലുള്ള ക്യാമ്പെയിനാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
‘ബോയ്‌ക്കോട്ട് ബോളിവുഡ് ‘ എന്ന ഹാഷ് ടാഗിനൊപ്പമാണ് ചിത്രത്തിനെതിരെയുള്ള ക്യാമ്പെയിനും നടക്കുന്നത്.
ആമിര്‍ ഖാന്‍ ഇന്ത്യയെ സ്‌നേഹിക്കാത്ത ആളാണെന്ന തരത്തിലുള്ള ക്യാമ്പെയിനുകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഈ ഹാഷ്ടാഗ് ക്യാമ്പെയിന്‍ തന്നെ വേദനിപ്പിക്കുന്നുവെന്നും ‘ ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സിനിമ ബഹിഷ്‌കരിക്കരുത് ‘ എന്നാണ് ആമിര്‍ ഖാന്‍ ഇതിനോട് പ്രതികരിച്ചത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിന്റെ സിനിമ ബഹിഷ്‌കരിക്കണം’, ‘രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുത്’, ‘നിങ്ങളുടെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞു, പിന്നെ എന്തിന് നിങ്ങളുടെ സിനിമ ഇവിടെ റിലീസ് ചെയ്യുന്നു’ എന്നിങ്ങനെയാണ് ആമിറിനെതിരായ വിദ്വേഷ പ്രചാരണം.
ആമിര്‍ നേരത്തെ അഭിനയിച്ച പി.കെ എന്ന സിനിമയിലെ ചില രംഗങ്ങളും സത്യമേവ ജയതേ എന്ന പരിപാടിയില്‍ പറഞ്ഞ ചില പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം.
ഓഗസ്റ്റ് 11 നാണ് ലാല്‍ സിങ് ചദ്ദ തിയേറ്ററുകളിലെത്തുന്നത്. ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ചിത്രം. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന് പുറമെ കരീന കപൂര്‍ ഖാന്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഫോറസ്റ്റ് ഗമ്പിന്റെ തനി പകര്‍പ്പാവില്ല ചിത്രമെന്നും നിരവധി സീനുകള്‍ ചിത്രത്തില്‍ നിന്നും മാറ്റം വരുത്തിയാണ് ഷൂട്ട് ചെയ്തത് എന്നും, ഫോറസ്റ്റ് ഗമ്പിലെ പല അശ്ലീല രംഗങ്ങളും ലാല്‍ സിങ് ചദ്ദയില്‍ ഉണ്ടാകില്ലെന്നും അത്തരത്തിലുള്ള സീനുകള്‍ കളഞ്ഞത് കുട്ടികള്‍ക്കും ചിത്രം ആസ്വദിക്കാന്‍ വേണ്ടിയാണെന്നും അതുകൊണ്ട് കുട്ടികള്‍ തീര്‍ച്ചയായും ചിത്രം കാണണം എന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
ഇതിനൊപ്പം തന്നെ ചിത്രം ഇന്ത്യയുടെ സാംസ്‌കാരത്തിലേക്ക് പറിച്ചു നട്ടാണ് എടുത്തിരിക്കുന്നതെന്നും ആമിര്‍ഖാന്‍ കൂട്ടി ചേര്‍ക്കുന്നു.
ചിത്രത്തിന്റെ തെലുങ്ക് വിതരണവാകാശം സ്വന്തമാക്കിയ ചിരഞ്ജീവിക്കും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന നാഗ ചൈതന്യക്കുമൊപ്പമാണ് ആമിര്‍
ഖാന്‍ മാധ്യമങ്ങളെ കണ്ടത്. ‘ബലരാജു’ എന്ന കഥാപാത്രമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാഗ ചൈതന്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
1994ലാണ് ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പ് റിലീസ് ചെയ്തത്. 2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്. ഇന്ത്യയിലുടനീളം ചിത്രീകരിച്ച ചിത്രത്തിന്റെ ട്രെയ്ലര്‍ ശ്രദ്ധ നേടിയിരുന്നു.
Content Highlight: Amir Khan’s reaction on Lal Singh Chada film hate campaign; I love india, plese don’t boycott my film