രണ്‍ബീര്‍ കപൂറിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘അനിമല്‍’. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമല്‍’ സംവിധാനം ചെയ്തിരിക്കുന്നത്.
അനിമല്‍ തിയേറ്ററിലെത്തിയതിന് പിന്നാലെ സംവിധായകനെ വിമര്‍ശിച്ചു കൊണ്ട് നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്‌സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
ഇപ്പോള്‍ അനിമല്‍ സിനിമക്ക് പിന്നാലെ നടന്‍ അമീര്‍ ഖാന്റെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സംവിധായകര്‍ അവരുടെ സിനിമകള്‍ വിജയിക്കാന്‍ വയലന്‍സിനെയും ലൈംഗികതയെയും ആശ്രയിക്കുന്നു എന്ന് മുമ്പ് അമീര്‍ പറഞ്ഞതിന്റെ വീഡിയോയാണ് വൈറലായത്.
‘പ്രേക്ഷകരെ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പമുള്ള ചില വികാരങ്ങളുണ്ട്. ഒന്ന് വയലന്‍സാണ്. രണ്ടാമത്തേത് ലൈംഗികതയും. ഈ രണ്ട് വികാരങ്ങളും മനുഷ്യനെ എറ്റവും എളുപ്പത്തില്‍ പ്രകോപിപ്പിക്കുന്നു.
ഒരു സംവിധായകന് നല്ല കഥ എഴുതാനും അതിലൂടെ ഇമോഷനുകള്‍ കാണിക്കാനും കഴിവില്ലെങ്കില്‍, അവര്‍ അവരുടെ സിനിമകള്‍ വിജയിക്കാന്‍ വയലന്‍സിനെയും ലൈംഗികതയെയും ആശ്രയിക്കും.
സിനിമയില്‍ ലൈംഗികതയും വയലന്‍സും ഒരുപാട് ഉള്‍പെടുത്തിയാല്‍ ആ സിനിമ വിജയിക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തെറ്റായ ചിന്തയാണ്.
ഇത്തരം സിനിമകള്‍ ചെയ്താല്‍ അത് ചിലപ്പോള്‍ വിജയിച്ചേക്കാം, പക്ഷേ അത് സമൂഹത്തിന് വളരെയധികം ദോഷം ചെയ്യും. അത് വളരെ തെറ്റാണ്. സിനിമ കാണുന്ന പ്രേക്ഷകരിലും യുവാക്കളിലും അത് വലിയ സ്വാധീനമുണ്ടാക്കും.
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നമ്മള്‍ ധാര്‍മികമായി അതിന്റെ ഉത്തരവാദികളാകും. സിനിമയില്‍ വയലന്‍സ് പാടില്ലെന്ന് ഞാന്‍ പറയുന്നില്ല. അത് സിനിമയിലെ വിഷയത്തെ ആശ്രയിച്ചിരിക്കുന്നു,’ അമീര്‍ ഖാന്‍ വീഡിയോയില്‍ പറയുന്നു.
This old interview of Amir Khan is prescient in light of Sandeep Reddy Vanga’s #Animal.
“The directors that aren’t creatively talented in creating a story, in showing emotions, creating situations; they depend heavily on violence and sex.” pic.twitter.com/wu7XPq2K8C
അതേസമയം, രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ രണ്‍ബീറിന്റെ എക്കാലത്തെയും വലിയ ഓപ്പണറായി മാറിയ സിനിമയാണ്. രശ്മിക മന്ദാന നായികയായെത്തിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡിസംബര്‍ ഒന്നിനായിരുന്നു റിലീസായത്. ചിത്രത്തില്‍ രശ്മിക മന്ദാനക്ക് പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും അഭിനയിക്കുന്നുണ്ട്.
ഏറെ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ബോക്‌സ് ഓഫീസില്‍ റെക്കോഡ് വിജയമാണ് ചിത്രം നേടുന്നത്. ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമയെ മറികടന്ന്, ബോക്‌സ് ഓഫീസില്‍ 100 കോടി നേടുന്ന ഹിന്ദിയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ചിത്രമായി അനിമല്‍ മാറിയിരുന്നു.
Content Highlight: Amir Khan’s Interview Went Viral After Ranbir Kapoor’s Animal Movie