| Wednesday, 5th June 2024, 6:26 pm

ചേസിങ്ങ് സീനുകളില്‍ പ്രധാനപ്പെട്ടതെല്ലാം മമ്മൂക്ക തന്നെയാണ് ചെയ്തിരിക്കുന്നത്: ആമിന നിജാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെ സിനിമാ രംഗത്തേക്കെത്തിയ താരമാണ് ആമിന നിജാം. മമ്മൂട്ടി നായകനായ ടര്‍ബോയാണ് ആമിനയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ നിരഞ്ജന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ടര്‍ബോയിലെ മമ്മൂട്ടിയുടെ കാര്‍ ചേസിങ്ങ് സീനുകളെ കുറിച്ച് പറയുകയാണ് ആമിന നിജാം. ചിത്രത്തിന്റെ ഭാഗമായി സിനിമാഭ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടി തന്നെയാണോ കാര്‍ ചേസിങ്ങ് സീനുകള്‍ മൊത്തം ചെയ്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആമിന.

‘മമ്മൂക്ക തന്നെയാണ് അതൊക്കെ ചെയ്തത്. പിന്നെ ഞാനും ബിന്ദു ചേച്ചിയുമാണ് കാറിന്റെ പിന്നില്‍ ഇരിക്കുന്നത്. ഞങ്ങളുടെ കുറച്ച് ക്ലോസ് ഷോട്ടുകള്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ പലപ്പോഴും മമ്മൂക്കയുടെ സീറ്റിലാകും ക്യാമറ കൊണ്ടുവെയ്ക്കുന്നത്.

ആ സമയത്ത് എന്തായാലും മമ്മൂക്കയെ കാറില്‍ ഇരുത്താന്‍ കഴിയില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ മുഴുവന്‍ സീനുകള്‍ മമ്മൂക്ക ചെയ്തതല്ല. അല്ലാതെയുള്ള മെയിന്‍ സീനുകള്‍ മുഴുവന്‍ മമ്മൂക്ക തന്നെയാണ് ചെയ്തിരിക്കുന്നത്,’ ആമിന നിജാം പറഞ്ഞു.

തനിക്ക് മൊത്തം 45 ദിവസമാണ് ഷൂട്ടുണ്ടായിരുന്നതെന്നും അതില്‍ കൂടുതലും കാര്‍ ചേസിങ്ങായിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറയുന്നു. കാറുമായി വലിയ ബന്ധമുള്ള ആളല്ല താനെന്നും പക്ഷെ ഇപ്പോള്‍ ടര്‍ബോയില്‍ വന്നതിന് ശേഷം കാറുമായി നല്ല ബന്ധമാണെന്നും ആമിന കൂട്ടിച്ചേര്‍ത്തു.

‘150 ദിവസമാണ് സിനിമ ഷൂട്ട് ചെയ്യാന്‍ എടുത്ത സമയം. എന്നാല്‍ എനിക്ക് മൊത്തം 45 ദിവസമാണ് ഷൂട്ടുണ്ടായിരുന്നത്. കൂടുതലും കാര്‍ ചേസിങ്ങായിരുന്നു. അപ്പോള്‍ പിന്നെ പറയണ്ടല്ലോ (ചിരി). നമ്മള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ചിലപ്പോള്‍ പത്ത് സെക്കന്റില്‍ ആ സീന്‍ കഴിയുമായിരിക്കും.

പക്ഷെ ഈ പത്ത് സെക്കന്റിന് വേണ്ടി നമുക്ക് കുറേ സമയം ഷൂട്ട് ചെയ്യാനുണ്ടാകും. പല ആംഗിളില്‍ നിന്നായിട്ട് എല്ലാം ഷൂട്ട് ചെയ്യേണ്ടി വരും. അത് ശരിക്കും എനിക്ക് ഒരു പേടി സ്വപ്‌നമായിരുന്നു. കാറുമായി വലിയ ബന്ധമുള്ള ആളല്ല ഞാന്‍. പക്ഷെ ഇപ്പോള്‍ ടര്‍ബോയില്‍ വന്നതിന് ശേഷം എനിക്ക് കാറുമായി നല്ല ബന്ധമാണ്,’ ആമിന നിജാം പറഞ്ഞു.


Content Highlight: Amina Nijam Talks About Mammootty’s Car Chasing Scene In Turbo

We use cookies to give you the best possible experience. Learn more