കൊച്ചി: ദി കേരള സ്റ്റോറി വിവാദത്തിനിടയില്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച് കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയുടേതാണ് തീരുമാനം.
രാവിലെ 9.30നാണ് ഡോക്യൂമെന്ററി പ്രദര്‍ശനം. ‘മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററി പ്രദര്ശിപ്പിക്കാനാണ് സാന്‍ജോപുരം പള്ളി തീരുമാനിച്ചിരിക്കുന്നത്.
നൂറിലധികം വരുന്ന ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്യുമെന്ററി കാണാന്‍ അവസരമുണ്ടെന്നും മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞതുകൊണ്ട് അതില്‍ മാറ്റം വരില്ലെന്നും പള്ളി വികാരി ചൂണ്ടിക്കാട്ടി.
അതേസമയം കേരള സ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത ചൊവ്വാഴ്ച്ച അറിയിച്ചു. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് കെ.സി.വൈ.എം പറഞ്ഞു.