national news
വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ 'സനാതൻ ബോർഡിന്' അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 28, 04:38 pm
Tuesday, 28th January 2025, 10:08 pm

ന്യൂദൽഹി: വഖഫ് ബോർഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതൻ ബോർഡിന് അംഗീകാരം നൽകി മഹാ കുംഭ ധർമ സൻസദ്.

മഥുര ആസ്ഥാനമായുള്ള  കഥാകാരൻ ദേവകിനന്ദൻ താക്കൂർ വിളിച്ചുകൂട്ടിയ സനാതൻ ധർമ സൻസദിലാണ് സനാതൻ ബോർഡിന് അംഗീകാരം നൽകിയത്.  മതിയായ തെളിവുകൾ ഇല്ലെങ്കിലും മറ്റേതെങ്കിലും മത വിശ്വാസത്തിന് കീഴിലുള്ള കെട്ടിടങ്ങളെ ക്ഷേത്ര സ്വത്തായി പ്രഖ്യാപിക്കാൻ സനാതൻ ബോർഡിന് അധികാരം ഉണ്ടെന്നും സനാതൻ ധർമ സൻസദിൽ പറയുന്നുണ്ട്.

കൂടാതെ സനാതൻ ബോർഡിന് സ്വന്തം ജഡ്ജിമാർ ഉണ്ടെന്നും, ഫണ്ടുകളുടെയും ക്ഷേത്ര സ്വത്തുക്കളുടെയും നിയമ തർക്കങ്ങൾ തീർപ്പാക്കുന്നതിന് ഒരു ട്രൈബ്യൂണൽ രൂപീകരിക്കുകയും ചെയ്യുമെന്ന് സൻസദിൽ പറയുന്നു.

‘ഞങ്ങൾ മറ്റ് കോടതികളിൽ പോകില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ കോടതികൾ ഉണ്ടാകും, ‘ കാൺപൂരിൽ നിന്നുള്ള സ്വയം ദർശകനായി അവകാശപ്പെടുന്ന ബാലയോഗി അരുൺ പുരി പറഞ്ഞു. സനാതൻ ബോർഡ് ട്രിബ്യൂണലിന് രാജ്യത്തെ വഖഫ് ബോർഡുകൾ ‘നിർബന്ധിതമായി കൈവശപ്പെടുത്തിയ’ ഭൂമി തിരിച്ചെടുക്കാനും സനാതന വിരുദ്ധമായ സിനിമകൾ, പ്രസ്താവനകൾ, കോമഡികൾ എന്നിവയ്‌ക്കെതിരെയും മതനിന്ദയ്‌ക്കെതിരെയും നിയമം കൊണ്ടുവന്ന് ശിക്ഷാനടപടികൾ സ്വീകരിക്കാനും അധികാരമുണ്ടെന്നും സൻസദിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരതീയ ജനതാ പാർട്ടി പാർലമെൻ്റ് അംഗം ഹേമമാലിനി , തെലങ്കാനയിൽ നിന്നുള്ള ബി.ജെ.പിയുടെ വിവാദ എം.എൽ.എ ടി.രാജ , ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി , മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങൾക്ക് പ്രസിദ്ധനും അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലെ പൂജാരിയുമായ മഹന്ത് രാജു ദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മഹാ കുംഭമേള കാണാനെത്തിയവരോട് സമാജ്‌വാദി പാർട്ടിയുടെ പ്രതിമയിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടതിന് മഹന്ത് രാജു ദാസ് നിയമനടപടി നേരിടുകയാണ് .

ഇന്ത്യയിലെ 13 ഹിന്ദു വിഭാഗങ്ങളുടെ പരമോന്നത സംഘടനയായ അഖിൽ ഭാരതീയ അഖാര പരിഷത്ത് കേന്ദ്രീകൃത ‘സനാതൻ ബോർഡ്’ എന്ന ആശയത്തിന് കഴിഞ്ഞയാഴ്ച അനുമതി നൽകിയതിന് ശേഷമാണ് സനാതൻ ധർമ സൻസദ് വിളിച്ചുകൂട്ടിയത്.

വഖഫ് ബോർഡുകൾ വഴി ഇന്ത്യയിലെ മുഴുവൻ ഭൂമിയും പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടന്നതായി ധർമ്മ സൻസദിൻ്റെ സംഘാടകൻ ദേവകിനന്ദൻ താക്കൂർ ആരോപിച്ചു.

‘ഇവിടെയെത്തിയ ഹിന്ദുക്കളേ, ഇന്ത്യ മുഴുവൻ തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് പറയുകയും ഭൂമി മുഴുവൻ അവകാശപ്പെടുകയും ചെയ്യുന്ന ദിവസം, നമുക്ക് എന്ത് സംഭവിക്കും? നമ്മൾ എവിടെ പോകും. എന്തുകൊണ്ടാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾക്കായി ഹിന്ദു ബോർഡുകൾ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഇന്ത്യയിൽ വഖഫ് ബോർഡ് ഉള്ളത് , ‘ താക്കൂർ പ്രകോപനപരമായി ചോദിച്ചു.

ഹിന്ദുക്കൾ ഹിന്ദുക്കളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഠാക്കൂർ പറഞ്ഞു.

ഹിന്ദുക്കൾ സനാതൻ ബോർഡ് സ്ഥാപിക്കണമെന്നും വഖഫ് ബോർഡിൻ്റെ നിമജ്ജനം വേണമെന്ന് അയോധ്യയിലെ ജഗദ്ഗുരു ബല്ലഭദാസ് മഹാരാജ് പറഞ്ഞു. ‘ഒരു മുള്ള് നമ്മോടൊപ്പം നടന്നാൽ, അത് എപ്പോൾ വേണമെങ്കിലും നമ്മെ കുത്താം. വഖഫ് ബോർഡ് ഇല്ലാതായാൽ ലൗ ജിഹാദ് അവസാനിക്കും. ഇന്ത്യയിലുടനീളമുള്ള നമ്മുടെ തീർത്ഥ സ്ഥലങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടും. ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് പകരം നിർമ്മിച്ച എല്ലാ പള്ളികളും ക്ഷേത്രങ്ങളായി തുടരും, പള്ളികൾ ഇല്ലാതാകും,’ ബല്ലഭദാസ് പറഞ്ഞു.

 

Content Highlight: Amidst Hate Speech Avalanche, ‘Sanatan Board’ Gets Nod at Maha Kumbh Dharma Sansad