| Saturday, 15th March 2025, 10:00 pm

മഹായുതിയില്‍ ഭിന്നത നിലനില്‍ക്കെ ഷിന്‍ഡെയെയും പവാറേയും മഹാ അഘാഡിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ ഭിന്നത നിലനില്‍ക്കെ ശിവസേന തലവനും മുന്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയെയും എന്‍.സി.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറേയും മഹാവികാസ് അഘാഡിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയാണ് എന്‍.ഡി.എ നേതാക്കളെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ചത്.

മഹായുതി വിട്ടാൽ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇരുനേതാക്കള്‍ക്കും മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും പട്ടോലെ പറഞ്ഞു. ഭരണകക്ഷിയില്‍ പവാറും ഷിന്‍ഡെയും ശ്വാസംമുട്ടുകയാണെന്നും മഹായുതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും പട്ടോലെ പറഞ്ഞു. ഹോളി ആഘോഷങ്ങള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുപിന്നാലെ മഹായുതിയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. 2024 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ഏതാനും നേതാക്കളുടെ ‘വൈ’ കാറ്റഗറി സുരക്ഷ എടുത്തുകളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് മഹായുതിയില്‍ ഭിന്നത രൂപപ്പെട്ടത്.

ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷയാണ് കൂടുതലായും പിന്‍വലിച്ചത്. 2022ല്‍ ഷിന്‍ഡെ വിഭാഗം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ, അദ്ദേഹത്തോടൊപ്പം സഖ്യത്തിലെത്തിയ 44 എം.എല്‍.എമാര്‍ക്കും 11 എം.പിമാര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

എന്നാല്‍ 2024ല്‍ മന്ത്രിസ്ഥാനമില്ലാത്ത ശിവസേന നേതാക്കള്‍ ഉള്‍പ്പെടെ സുരക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. ബി.ജെ.പിയില്‍ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നുമുള്ള നേതാക്കളുടെ സുരക്ഷയിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ഭിന്നത ശക്തമായതോടെ കാറ്റഗറി സുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് സുരക്ഷാ അവലോകന സമിതിയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചിരുന്നു. സമിതിയുടെ തീരുമാനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിനുപുറമെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഷിന്‍ഡെയെ ഒഴിവാക്കിയിരുന്നു. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഷിന്‍ഡെയെ നിയമങ്ങളില്‍ മാറ്റം വരുത്തി വീണ്ടും അതോറിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവി മുഖ്യമന്ത്രിയായ ഫഡ്നാവിസാണ്. ധനവകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും അതോറിറ്റിയില്‍ അംഗമായിരുന്നു. ഇതാണ് ഷിന്‍ഡെ വിഭാഗത്തില്‍ അതൃപ്തി ഉണ്ടാക്കിയത്.

മന്ത്രിമാരുടെ നിയമനം സംബന്ധിച്ചും സഖ്യത്തിനുള്ളില്‍ ശിവസേന ഇടഞ്ഞിരുന്നു. എന്‍.സി.പി നേതാവ് അദിതി തത്കറെയെയും ബി.ജെ.പിയുടെ ഗിരീഷ് മഹാജനെയും നാസിക്കിന്റെയും റായ്ഗഡിന്റെയും ചുമതലയുള്ള മന്ത്രിമാരായി നിയമിക്കേണ്ടെന്ന തീരുമാനത്തില്‍ പവാറും ഷിന്‍ഡെയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചതിലും ഷിന്‍ഡെ ആദ്യഘട്ടത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.

ഈ സാഹര്യത്തിലാണ് പ്രതിപക്ഷത്ത് നിന്ന് ഷിന്‍ഡെയ്ക്ക് ക്ഷണം ലഭിക്കുന്നത്. ഇതിനിടെ, ഒരു ഘട്ടത്തില്‍ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലുമായി ഷിന്‍ഡെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും സഞ്ജയ് ആരോപിച്ചു. സഞ്ജയ് റൗട്ടിന്റെ പ്രസ്താവനയും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

Content Highlight: Amidst differences in the Mahayuti, Congress invites Shinde and Pawar to join the Maha Aghadi

We use cookies to give you the best possible experience. Learn more