ന്യൂദല്‍ഹി: നോട്ട് നിരോധനത്തില്‍ പുതിയ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ ഉദ്ദേശശുദ്ധിപോലും ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലാണ് പുതിയ വിശദീകരണവുമായി മോദി രംഗത്തെത്തിയത്.
രാജ്യതാത്പര്യത്തിന് വേണ്ടി കഠിനമായ എന്തുതീരുമാനമെടുക്കാനും തന്റെ സര്‍ക്കാരിന് ഭയമില്ലെന്നാണ് മോദിയുടെ വാക്കുകള്‍.
മ്യാന്‍മാറിലെ ഇന്ത്യന്‍വംശജര്‍ക്ക് മുന്നിലായിരുന്നു മോദിയുടെ ഏറ്റുപറച്ചില്‍. രാഷ്ട്രീയത്തേക്കാളുപരി രാജ്യത്തെ പരിഗണിച്ചതുകൊണ്ടാണ് നോട്ട് നിരോധമെന്ന ഒരു തീരുമാനം കൈക്കൊള്ളാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് മോദിയുടെ ന്യായീകരണം.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യം തന്നെയാണ് നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ചത്. കോടിക്കണക്കിന് രൂപയ്ക്ക് നികുതി അടയ്ക്കാത്ത ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ട്. കള്ളപ്പണനിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കപ്പെട്ടതെന്നും മോദി പറയുന്നു.
അഴിമതിയോട് പോരാടാന്‍ ഞങ്ങള്‍ 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കി. 125 കോടി ജനങ്ങളെ ചിലര്‍ ചേര്‍ന്ന് വിഡ്ഡികളാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല- മോദി പറയുന്നു. കള്ളപ്പണം എവിടെ നിന്ന് വരുന്നെന്നോ അത് എങ്ങോട്ട് പോകുന്നെന്നോ അറിയില്ലായിരുന്നു. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനമെന്ന വലിയ തീരുമാനം എടുത്തതെന്നും മോദി പറയുന്നു. നോട്ട് നിരോധനത്തെ വലിയ പ്രശ്‌നമാക്കി ചിത്രീകരിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് മോദിയുടെ ആരോപണം.
നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന കണക്ക് റിസര്‍വ് ബാങ്ക പുറത്തുവിട്ടതിന് പിന്നാലെ നോട്ട് നിരോധനത്തിന് നഷ്ടപരിഹാരം തേടി നോട്ട് അച്ചടിക്കുന്ന പ്രസ്സുകള്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു.
ഒറ്റയടിക്ക് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ 577 കോടി രൂപയുടെ നഷ്ടം പ്രസ്സുകള്‍ക്കുണ്ടായെന്നാണ് കണക്ക്. അച്ചടിച്ച നോട്ടുകളും, അച്ചടി ചിലവുകള്‍, മഷി, ഉപയോഗശൂന്യമായ കടലാസ്സുകള്‍ എന്നിവയുള്‍പ്പെടെയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്.
കള്ളപ്പണം തടയുന്നതിനുള്ള നീക്കമായി വ്യഖ്യാനിച്ചാണ് നോട്ട് അസാധുവാക്കിയത്. എന്നാല്‍, അസാധുവാക്കിയതില്‍ 99 ശതമാനം നോട്ടും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതോടെ കറന്‍സി രഹിത സമ്പത്ത് ഘടനയാണ് ലക്ഷ്യമിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുകയായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യപിച്ചിരുന്നു.