പാട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവുമായി ഫോണില്‍ സംസാരിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയെ നയിക്കാനൊരുങ്ങുകയാണ് ലാലു.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസുമായുള്ള സഖ്യം ആര്‍.ജെ.ഡി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് ബി.ജെ.പിയ്‌ക്കെതിരായ യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്ന് ലാലുപ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ മതേതര പാര്‍ട്ടികളുമായി മാത്രമായിരിക്കും സഖ്യമെന്നും ലാലു പ്രസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ, ലാലുവിനെ വിളിച്ച് സംസാരിച്ചത്.
അതേസമയം സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഒക്ടോബര്‍ 30ന് ബീഹാറിലെ കുശേശ്വര്‍ ആസ്ഥാനിലും താരാപൂരിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു. ഇതോടെ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ ആര്‍.ജെ.ഡി വിസമ്മതിച്ചു.
നിലവില്‍ രണ്ടു സീറ്റുകളിലും ജെ.ഡി.യുവിനെതിരെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണ് എന്‍.ഡി.എയെ വീണ്ടും അധികാരത്തിലെത്തിച്ചത്. വെറും 10 സീറ്റിനാണ് കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ഇടത് സഖ്യത്തിന് കേവലഭൂരിപക്ഷം നഷ്ടമായത്.
ആര്‍.ജെ.ഡി 75 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റ് മാത്രമാണ് ലഭിച്ചത്.