| Sunday, 25th September 2022, 4:13 pm

ഇടതുപക്ഷത്തിന്റെ മന്ത്രിയായപ്പോഴും കുഞ്ഞാലിയെ മറക്കാതെ, 'ആര്യാടാ കൊലയാളീ' എന്ന മുദ്രാവാക്യം ഏറനാട്ടുകാര്‍ വിളിച്ചിരുന്നു; കാളികാവ് എല്‍.സി സെക്രട്ടറി സക്കറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മരണ വാര്‍ത്തക്കിടയില്‍ ചര്‍ച്ചയായി സി.പി.ഐ.എം നേതാവും എം.എല്‍.എയുമായിരുന്ന കെ. കുഞ്ഞാലിയുടെ കൊലപാതകം. നിലമ്പൂരിന്റെ എം.എല്‍.എ ആയിരിക്കെ 1969 ജൂലൈ 28നാണ് കുഞ്ഞാലി വെടിയേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്.

കുഞ്ഞാലിയുടെ മരണത്തില്‍ ആര്യാടന്‍ മുഹമ്മദ് പ്രതിസ്ഥാനത്ത് വന്നത് ഏറെ ചര്‍ച്ചയായിരുന്നു. കേസില്‍ ആര്യാടന്‍ മുഹമ്മദിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കേസുമായി ബന്ധപ്പെട്ട ആര്യാടന്റെ ബന്ധം ഏറനാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്.

എന്നാല്‍ 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ മത്സരിച്ച് വിജയിച്ചിരുന്നു. ജനകീയ നേതാവായിരുന്ന കുഞ്ഞാലിയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ഒരാള്‍ക്ക് വേണ്ടി ഏറനാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് വോട്ട് ചോദിക്കേണ്ടിവന്നതും അക്കാലത്ത് വലിയ ചര്‍ച്ചയായതാണ്.

ഇപ്പോഴിതാ ആര്യാടന്‍ മുഹമ്മദിന്റെ മരണത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് കുറിപ്പ് പങ്കുവെക്കുകയാണ് കുഞ്ഞാലിയുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന കാളികാവിലെ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയായ സി.ടി. സക്കറിയ.

ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധനിലപാടിലൂടെ ആര്യാടന്‍ മന്ത്രിയായപ്പോഴും
കിഴക്കനേറനാട് ആര്യാടനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്നും സഖാവ് കുഞ്ഞാലിയോടുള്ള കടപ്പാടും സ്‌നേഹവും നിലനിര്‍ത്തിപോരുന്നുണ്ടെന്നും സി.ടി. സക്കറിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതുകൊണ്ടാണ് 2016ലും 21ലും ആര്യാടന്റെ തട്ടകത്തില്‍ മകനെയടക്കം പരാജയപ്പെടുത്തി,
ആര്യാടനോടുള്ള പകരം ഇടതുപക്ഷം ചോദിച്ചുകൊണ്ടിരിക്കുന്നുതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു എല്‍.സി സെക്രട്ടറി ഒരാളുടെ മരണത്തെ
മുന്‍നിര്‍ത്തി ഇത്രയൊക്കെ എഴുതാമോ എന്ന് ചോദിക്കുന്നവരുണ്ടാകും,
ഇതെഴുതുന്നത് വെറുമൊരു എല്‍.സി സെക്രട്ടറിയല്ല
വെടിയുണ്ട ഇടനെഞ്ചിലേക്ക് തുളച്ച് കേറി
രക്തംചിന്തി മരിച്ച സഖാവ് കുഞ്ഞാലി അന്തിയുറങ്ങുന്ന കാളികാവിലെ
എല്‍.സി സെക്രട്ടറിയാണ്. എനിക്ക് ഇങ്ങനെ എഴുതാനേ
സൗകര്യപ്പെടൂ,’ സക്കറിയ എഴുതി.

സി.ടി. സക്കറിയയുടെ വാക്കുകള്‍

1965ലും 67ലും സഖാവ് കുഞ്ഞാലി കേരളാ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. ഇതില്‍ 1965ല്‍ മത്സരിക്കുമ്പോള്‍ സഖാവ് കുഞ്ഞാലി ജയിലിലായിരുന്നു. ഒരു വോട്ടറെ പോലും നേരില്‍ കണ്ട് വോട്ട് ചോദിക്കാതെയാണ് അദ്ദേഹം അന്ന് വിജയിച്ചത്. രണ്ട് തെരഞ്ഞെടുപ്പിലും ആര്യാടന്‍ മുഹമ്മദായിരുന്നു സഖാവ് കുഞ്ഞാലിയുടെ എതിരാളി.

നിലമ്പൂരിന്റെ എം.എല്‍.എ ആയിരിക്കെ തന്നെ 1969 ജൂലൈ 26ന് വെടിയേറ്റ് 28ന് സഖാവ് കുഞ്ഞാലി രക്തസാക്ഷിയായി. കുഞ്ഞാലിയുടെ കൊലപാതകത്തില്‍ പ്രതിയായി ആര്യാടന്‍ മുഹമ്മദ് ഏഴ് മാസം ജയിലില്‍ കിടന്നു.

ഓരോ ജൂലൈ 28നും കിഴക്കനേറനാട്ടിലെ ഓരോ സഖാവും ഇങ്ങിനെ വിളിച്ചു,

‘ആര്യാടാ കൊലയാളീ
കാളികാവിന്‍ കല്ലറയില്‍
ഞങ്ങളെ നേതാവുണ്ടെങ്കില്‍
പകരം ഞങ്ങള്‍ ചോദിക്കും,’

1975ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ച് രാജ്യം ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരുട്ടറയിലേക്ക് തള്ളപ്പെട്ടു.

ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ കക്ഷികളില്‍ നിന്ന് വലിയ ചെറുത്ത് നില്‍പ്പുണ്ടായി.
കോണ്‍ഗ്രസിന്റെ അകത്ത് നിന്ന് തന്നെ ഉണ്ടായ കലാപത്തിന്റെ ഫലമായി
ദേവരാജ അരശിന്റേയും ശരത്പവാറിന്റേയും നേതൃത്വത്തില്‍
കോണ്‍ഗ്രസ് പിളര്‍ന്നു.

ആര്യാടനും ഉമ്മന്‍ ചാണ്ടിയും എ.കെ. ആന്റണിയും അടക്കമുള്ള നേതാക്കള്‍
ഇന്ദിരാ ഗാന്ധിയെ ഭാരതീയ കക്ഷിയെന്ന് വിശേഷിപ്പിച്ച് കേരളത്തിലും കോണ്‍ഗ്രസിനെ പിളര്‍ത്തി.

1979ല്‍ രൂപംകൊണ്ട ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി
1980ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍
ഈ മുന്നണി കേരളത്തില്‍ ഇന്ദിരാ കോണ്‍ഗ്രസും ലീഗും കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി മത്സരിച്ച് ഭരണം നേടി.

അന്ന് നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ആര്യാടനായിരുന്നു മത്സരിച്ചത്.
എന്തുകൊണ്ട് ആര്യാടന്‍ സ്ഥാനാര്‍ത്ഥിയായി?

അന്നത്തെ രാഷ്ട്രീയ സാഹചര്യം അതായിരുന്നു. അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ കാരണക്കാരായവരെ ദുര്‍ബലപ്പെടുത്തുക എന്നത് മാത്രമായിരുന്നു അന്നത്തെ രാഷ്ട്രീയം.

അന്ന് ആര്യാടന്റെ എതിരാളി മുല്ലപള്ളി രാമചന്ദ്രനായിരുന്നു എന്നത് മാത്രം മതിയാവും അത് മനസിലാക്കാന്‍. തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ വിജയിച്ചു. നായനാര്‍ സര്‍ക്കാറില്‍ വനം മന്ത്രിയായി.

ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടിലൂടെ ആര്യാടന്‍ മന്ത്രിയായപ്പോഴും
കിഴക്കനേറനാട് ആര്യാടനെതിരെ മേല്‍പറഞ്ഞ അതേ മുദ്രാവാക്യം തന്നെ കുടുതല്‍ ഉച്ചത്തില്‍
വിളിച്ച് സഖാവ് കുഞ്ഞാലിയോടുള്ള കടപ്പാടും സ്‌നേഹവും നിലനിര്‍ത്തി പോന്നു. തലമുറകളിലൂടെ കൈമാറി അന്‍പത്തിമൂന്ന് വര്‍ഷത്തിന് ഇപ്പുറവും അത് നിലനിര്‍ത്തി പോരുന്നു.

2016ലും 21ലും ആര്യാടന്റെ തട്ടകത്തില്‍
മകനെയടക്കം പരാജയപ്പെടുത്തി
ആര്യാടനോടുള്ള പകരം ഞങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. കുഞ്ഞാലിയുടെ ഓര്‍മകള്‍ മായുന്നകാലം വരെ അത് തുടരുക തന്നെ ചെയ്യും.

Content Highlights:  Amid the news of the death of Congress leader Aryadan Muhammad, CPIM leader and MLA K. Kunhali’s murder

We use cookies to give you the best possible experience. Learn more