'ഓൾ ചൈനീസ് ക്രൂ'; ഹൂത്തി അക്രമണത്തിൽ നിന്നും രക്ഷനേടാൻ തന്ത്രവുമായി ചരക്ക് കപ്പലുകൾ
World News
'ഓൾ ചൈനീസ് ക്രൂ'; ഹൂത്തി അക്രമണത്തിൽ നിന്നും രക്ഷനേടാൻ തന്ത്രവുമായി ചരക്ക് കപ്പലുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 4:18 pm

സന: ചെങ്കടലിൽ ഹൂത്തികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ചൈനീസ് കപ്പലുകൾ ആണെന്ന് സിഗ്നലുകൾ നൽകി ചരക്ക് കപ്പലുകൾ. നിരവധി കപ്പലുകളാണ് ഇതിനോടകം തങ്ങൾക്ക് ചൈനയുമായാണ് ബന്ധമെന്ന സിഗ്നലുകൾ കാണിച്ച് ചെങ്കടൽ കടക്കാൻ ശ്രമിക്കുന്നത്.

അഞ്ചോളം ചരക്ക് കപ്പലുകളാണ് ‘ഓൾ ചൈനീസ് ക്രൂ’ അല്ലെങ്കിൽ സമാനമായ സിഗ്നലുകൾ നൽകി ചെങ്കടൽ കടക്കാൻ ശ്രമിച്ചത്.

നിലവിൽ രണ്ട് കപ്പലുകൾ ചൈനീസ് ബന്ധമുണ്ടെന്ന സൂചന നൽകി ചെങ്കടലിലുണ്ട്. കൂടാതെ രണ്ടു കപ്പലുകൾ ഇതേ തന്ത്രമുപയോഗിച്ച് ചെങ്കടൽ വഴി ഏഷ്യയിലേക്ക് സഞ്ചരിക്കുകയാണ്, കൂടാതെ അഞ്ചാമത്തെ കപ്പൽ ഗൾഫ് ഓഫ് ആദനിലേക്കും നീങ്ങുകയാണ്.

നിലവിൽ ചെങ്കടലിൽ അക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഭീഷണി വർധിച്ചു വരികയാണ്.

എന്നാൽ ഇസ്രഈൽ ബന്ധമുള്ള കപ്പലുകൾ മാത്രമാണ് ആക്രമിക്കുന്നതെന്നാണ് എന്നാണ് ഹൂത്തികൾ പറയുന്നത്. എന്നാൽ ഈ അക്രമണങ്ങൾ ആഗോളതലത്തിൽ ചരക്ക് നീക്കത്തെ ബാധിക്കുകയും എണ്ണവിലയിലെ വർദ്ധനവിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം യു.കെ, യു.എസ് സംയുക്തമായി ഹൂത്തികൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പറഞ്ഞ ഹൂത്തികൾ ഇനിയും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ മേഖലയിലുള്ള യു.എസ്, യു.കെ മിലിറ്ററി ബേസുകൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നും അറിയിച്ചു.

അതിനിടെ യെമനിൽ യു.എസ്, യു.കെ ആക്രമണം നടത്തുന്നത് മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ചൈനീസ് അംബാസഡർ ഷാങ് ജുൻ പറഞ്ഞു.

Content Highlights: Amid Red Sea attack fears, ships use ‘all Chinese crew’ tactic to avoid Houthi rebels