ന്യൂദല്‍ഹി: സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ഇന്നുമുതല്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ആദ്യ ദിവസം 1.45 ലക്ഷം ജനങ്ങള്‍ യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി 200 ട്രെയിനുകളാണ് റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത്. എ.സി, നോണ്‍ എ.സി കോച്ചുകളോട് കൂടിയ ട്രെയിനുകളാണ് ഇന്നുമുതല്‍ ഓടിത്തുടങ്ങുക.
ജൂണ്‍ ഒന്ന് മുതല്‍ 30 വരെയുള്ള അഡ്വാന്‍സ് ബുക്കിങ് ഇതുവരെ 26 ലക്ഷം പേര്‍ നടത്തിക്കഴിഞ്ഞെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.
ദുരന്തോ, സംപര്‍ക് ക്രാന്തി, ജനശതാബ്ദി, പൂര്‍വ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ ട്രെയിന്‍ യാത്രകള്‍ പതിയെ പുനരാരംഭിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.
ട്രെയിനില്‍ യാത്ര ചെയ്യുന്നവരെല്ലാം നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്‌കുകള്‍ ധരിക്കണം. ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനുട്ട് മുമ്പ് സ്റ്റേഷനില്‍ എത്തിയിരിക്കണം. തെര്‍മല്‍ സ്‌കാനിങിന് വിധേയരാവുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ന്യൂദല്‍ഹിയില്‍നിന്നും 15 നഗരങ്ങളിലേക്ക് മെയ് 12 മുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയിരുന്നു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് 200 സര്‍വ്വീസുകള്‍ക്കൂടി തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക