ലഖ്‌നൗ: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് രജ്ബാര്‍.
വാരാണയിസിയിലെ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന റീജിയണല്‍ സമ്മിറ്റില്‍ പങ്കെടുക്കാനെത്തുന്ന മോദി ഗാസിയാപൂരില്‍ വെച്ച് മഹാരാജ സുഹല്‍ദിയോയുടെ പേരില്‍ അച്ചടിച്ച പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ പൊതുറാലിയിലും മോദി പങ്കെടുക്കും.
എന്നാല്‍ മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യോഗി കാബിനറ്റിലെ മന്ത്രിയും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രജ്ബാര്‍ പറഞ്ഞു.
മഹാരാജ സുഹല്‍ദേവ് രജ്ബാര്‍ എന്ന മുഴുവന്‍ പേരും സ്റ്റാമ്പില്‍ അച്ചടിച്ചില്ലെന്നും പിന്നാക്ക വിഭാഗത്തിന്റെ നേതാവായ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഓം പ്രകാശ് രജ്ബാര്‍ പറഞ്ഞു.
മാത്രമല്ല എന്‍.ഡി.എയുമായി ഭിന്നതയുള്ള അപ്‌നാ ദള്‍ ഉള്‍പ്പെടെയുള്ള ചെറിയ കക്ഷികളെല്ലാം മോദി പങ്കെടുക്കുന്ന പരപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.
എന്‍.ഡി.എ വേണ്ട പരിഗണന സഖ്യകക്ഷികള്‍ക്ക് നല്‍കുന്നില്ലെന്നും സീറ്റ് ധാരണയിലുള്‍പ്പെടെയും ഇപ്പോഴും കാര്യമായ വ്യക്തത വരുത്താന്‍ എന്‍.ഡി.എ നേതൃത്വം തയ്യാറായിട്ടില്ലെന്നും അപ്‌നാ ദള്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പറഞ്ഞു.