| Friday, 20th July 2012, 4:19 pm

ഗുജറാത്തില്‍ മാരുതി പ്ലാന്റ്: ടോക്കിയോയില്‍ മോഡി-സുസുക്കി കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: മാരുതി സുസുക്കിയുടെ ഏറ്റവും വലിയ പ്ലാന്റ് ഗുജറാത്തില്‍ തുടങ്ങാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ജപ്പാന്‍ യാത്രയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകുന്നത്.[]

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മാനേസര്‍ പ്ലാന്റ്  തൊഴിലാളി മാനേജ്‌മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് നരേന്ദ്രമോഡി ജപ്പാനിലേക്ക് പോയത്. ജപ്പാനില്‍ മോഡി സുസുക്കി എക്‌സിക്യുട്ടീവുകളുമായി ചര്‍ച്ച നടത്തുമെന്നാണറിയുന്നത്. ഡിന്നര്‍ സമയത്ത് ജപ്പാനിലെ ചില മുതിര്‍ന്ന ബിസിനസുകാരുമായി മോഡി കൂടിക്കാഴ്ച നടത്തുമെന്ന് സുസുക്കി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മെഹ്‌സനയിലെ മാരുതിയുടെ നിര്‍ദിഷ്ട പ്ലാന്റിനായി ജൂണില്‍ ഗുജറാത്ത് സര്‍ക്കാര്‍ 700 ഏക്കര്‍ അനുവദിച്ചിരുന്നു. 2015-16 കാലയളവില്‍ ഗുജറാത്തില്‍ കാര്‍ നിര്‍മാണ സംരംഭം കൊണ്ടുവരുന്നതിനായി 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സുസുക്കി അധികൃതരുമായുള്ള മോഡിയുടെ കൂടിക്കാഴ്ചയ്ക്ക് വന്‍പ്രാധാന്യമുണ്ട്.

വര്‍ഷം 11 ലക്ഷം കാറുകളാണ് മാരുതി പുറത്തിറക്കുന്നത്. ഇതില്‍ മൂന്നിലൊന്നും മാനേസറിലെ പ്ലാന്റില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ കലാപം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്ലാന്റ് അടച്ചുപൂട്ടിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more