|

'ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി ത്യാഗം ചെയ്തവരാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും'; സച്ചിന്‍ പൈലറ്റിന്റെ പിന്തുണ രാഹുലിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കേ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പിന്തുണയറിയിച്ച് സച്ചിന്‍ പൈലറ്റ്. നേതൃ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ 23 നേതാക്കള്‍ ഇടക്കാല പ്രസിഡന്റായ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ സോണിയാ ഗാന്ധിക്കും രാഹുലിനും ഒപ്പം നില്‍ക്കുന്നുവെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരുമാസക്കാലത്തോളം രാജസ്ഥാനില്‍ നിലനിന്നുരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ച് തിരിച്ചുവന്ന സച്ചിന്‍ പൈലറ്റിനോട് കോണ്‍ഗ്രസ് ഉന്നത നേതൃത്വം പ്രത്യേക പരിഗണന തന്നെയാണ് പ്രകടിപ്പിച്ചത്.

പാര്‍ട്ടിയോട് ഇടഞ്ഞുപുറത്തുപോയ പൈലറ്റിനേയും 18 എം.എല്‍.എമാരേയും തിരിച്ചെത്തിക്കാന്‍ ഉന്നത നേതൃത്വം മുന്‍കയ്യെടുത്തിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന് ഈ നടപടിയോട് താല്പര്യമില്ലാഞ്ഞിട്ടും സച്ചിനെ തിരിച്ചെത്തിക്കാന്‍ തന്നെ നേതൃത്വം ഉറച്ചുതീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃസ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വരണമെന്നും പാര്‍ട്ടിക്ക് ഒരു പൂര്‍ണസമയം നേതൃത്വം വേണമെന്നുമുള്ള ആവശ്യം ഉയര്‍ന്നുവരുന്നതിനിടെയാണ് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

”ജനങ്ങളുടെയും പാര്‍ട്ടിയുടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ശ്രീമതി ഗാന്ധിയും രാഹുല്‍ ജിയും കാണിച്ചു. ഇപ്പോള്‍ സമവായം കെട്ടിപ്പടുക്കുന്നതിനും ഒന്നിച്ചുനില്‍ക്കാനുമുള്ള സമയമാണ്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്. മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റു പാര്‍ട്ടിയെ നയിക്കാന്‍ ആഗ്രഹിക്കുന്നു,” സച്ചിന്‍ ട്വീറ്റ് ചെയ്തു.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ച റിപ്പോര്‍ട്ടുകള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറയുന്നതായി വൃത്തങ്ങള്‍ പറയുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ന് പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ചേരും. നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്.

2024 ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കി കോണ്‍ഗ്രസിന് വീണ്ടും മുന്നോട്ടുവരണമെങ്കില്‍ കോണ്‍ഗ്രസില്‍ ഉടനടി ഒരു നേതൃത്വ മാറ്റം ഉണ്ടാവണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Amid Letter Row Sachin Pilot’s Message Of Unity, Praise For Gandhis