| Saturday, 22nd August 2020, 9:37 am

രാഹുല്‍ തിരിച്ചുവരണമെന്നും വേണ്ടാ എന്നും; നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായ യോഗം തിങ്കളാഴ്ചയും അതിന് മുന്നോടിയായി ശനിയാഴ്ച പാര്‍ട്ടി അംഗങ്ങളുടെ ട്രയല്‍ മീറ്റിംഗ് നടക്കുമെന്നും വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ വെബ്എക്സ് പരിചയപ്പെടുത്തുന്നതിനാണ് ട്രയല്‍ മീറ്റിംഗ്. ഇനിമുതല്‍ പാര്‍ട്ടിയുടെ വെര്‍ച്വല്‍ യോഗങ്ങള്‍ വെബ്എക്‌സിലൂടെയായിരിക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി സോണിയാ ഗാന്ധി ഒരുവര്‍ഷം പൂര്‍ത്തികരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തക സമിതി യോഗം നടത്താനുള്ള തീരുമാനം വന്നിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറയതോടെയാണ് സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്.

2024 ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കി കോണ്‍ഗ്രസിന് വീണ്ടും മുന്നോട്ടുവരണമെങ്കില്‍ കോണ്‍ഗ്രസില്‍ ഉടനടി ഒരു നേതൃത്വ മാറ്റം ഉണ്ടാവണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നുണ്ട്.

ഗാന്ധി കുടുംബത്തിന് പുറമേ നിന്നുള്ള ഒരാള്‍ വേണം പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടതെന്ന് ഒരുവിഭാഗം പറയുമ്പോള്‍ രാഹുല്‍ ഗാന്ധി തന്നെ തിരിച്ചെത്തണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി ഉടന്‍തന്നെ ഒരു തിരിച്ചുവരവ് നടത്താനുള്ള സാധ്യതയില്ല. ഇക്കാര്യം അദ്ദേഹം പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.

India Tomorrow: Conversations with the Next Generation of Political Leadersഎന്ന പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് നേതൃത്വ മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയത്.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തനിക്ക് പ്രസിഡന്റ് പദവി ആവശ്യമില്ലെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയും സമാനമായ അഭിപ്രായം തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തേയ്ക്ക് വരണം എന്നുതന്നെയാണ് പുസ്തകത്തില്‍ രാഹുലും പ്രിയങ്കയും വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ നേതൃത്വ മാറ്റത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.

എന്നാല്‍ ഇത് ഒരുവര്‍ഷം മുന്‍പ് കൊടുത്ത അഭിമുഖമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് തന്നെ രംഗത്തെത്തിയത് വീണ്ടും ആശങ്കകള്‍ക്ക് വഴിയൊരുക്കി. കോണ്‍ഗ്രസിന്റെ പ്രതികരണം സൂചിപ്പിക്കുന്നത് രാഹുലിന്റെ തിരിച്ചുവരവാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടങ്ങി.

2019 ലെ പൊതുതെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ കുടുംബ വാഴ്ചയ്ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഇതേ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഒരു വിഭാഗം.

കോണ്‍ഗ്രസിനുള്ളില്‍ കാര്യമായ അഴിച്ചുപണി നടന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന സമിതിയോഗം നിര്‍ണായകമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Amid Leadership Debate, Congress Working Committee To Meet Next Week: Report

Latest Stories

We use cookies to give you the best possible experience. Learn more