| Friday, 29th May 2020, 11:43 am

കൊവിഡിനിടെ കര്‍ണാടകയില്‍ യെദിയൂരപ്പയ്‌ക്കെതിരെ പടയൊരുക്കവുമായി 20 എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകവേ കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്‌ക്കെതിരെ പടയൊരുക്കവുമായി എം.എല്‍.എമാര്‍. വടക്കന്‍ കര്‍ണാടകയിലുള്ള 20 എം.എല്‍.എമാരാണ് യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തിയത്. എട്ട് തവണ എം.എല്‍.എ ആയ ഉമേഷ് കട്ടിയുടെ മന്ത്രിസ്ഥാനത്തിന് വേണ്ടിയാണ് ഇത്തവണ എം.എല്‍.എമാരുടെ പോര്‍വിളി.

മാത്രമല്ല യെദിയൂരപ്പ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നു.

ബെല്‍ഗാം ജില്ലയിലെ ശക്തനായ ലിംഗായത്ത് നേതാവായ ഉമേഷ് കട്ടി കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ 20 എം.എല്‍.എമാര്‍ക്കായി ഒരു ഡിന്നര്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. എന്നാല്‍ ഇത്തരമൊരു വിരുന്ന് നടക്കുന്ന കാര്യം പാര്‍ട്ടിയിലെ മറ്റാരേയും അറിയിച്ചിരുന്നുമില്ല.

ഉമേഷ് കട്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ സഹോദരനായ രമേഷ് കട്ടിയെ രാജ്യസഭയിലേക്ക് അയക്കണമെന്നും ഇതിന് പിന്നാലെ എം.എല്‍.എമാര്‍ ആവശ്യമുയര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചരടുവലികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഉമേഷ് കട്ടിയോട് തന്റെ ഓഫീസില്‍ ഹാജരായി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് യെദിയൂരപ്പ.

നേരത്തെ സര്‍ക്കാരിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് മുതിര്‍ന്ന ലിംഗായത്ത് എം.എല്‍.എയും മുന്‍ കേന്ദ്രമന്ത്രിയുമായ ബി.ആര്‍ പാട്ടീലിനെതിരെയും യെദിയൂരപ്പ രംഗത്തെത്തിയിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് യാതൊരു കോട്ടവും ഇല്ലെന്നാണ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ യെദിയൂരപ്പയ്ക്ക് നേരെ നടക്കുന്ന ഏറ്റവും പുതിയ നീക്കത്തെ സൂക്ഷമായി തന്നെ നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more