ജോഷിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വീടുകളില്‍ വിള്ളല്‍; ഭീതിയില്‍ ഉത്തരാഖണ്ഡ്
national news
ജോഷിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വീടുകളില്‍ വിള്ളല്‍; ഭീതിയില്‍ ഉത്തരാഖണ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 7:37 pm

ചമോലി: ജോഷിമഠില്‍ ഭൂമിയിലുണ്ടായ വിള്ളലിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ചതിന് പിന്നാലെ കര്‍ണപ്രയാഗിലും വീടുകളില്‍ വിള്ളല്‍. ചമോലി ജില്ലയിലെ കര്‍ണപ്രയാഗ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലുള്ള ബഹുഗുണ നഗറിലാണ് വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയത്.

50ലേറെ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തി. ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കര്‍ണപ്രയാഗിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജോഷിമഠിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ഭീതിയിലാണ്. പ്രദേശത്ത് ചെറിയ മണ്ണിടിച്ചിലുകളും തുടര്‍ച്ചയായി സംഭവിക്കുന്നുണ്ട്.

കര്‍ണപ്രയാഗിലെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ സന്ദര്‍ശിച്ചു. ജോഷിമഠിന് സമീപത്തുള്ള ഗ്രാമങ്ങളിലും ഇതേ വിള്ളല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സിതാര്‍ഗഞ്ച് എം.എല്‍.എ സൗരഭ് ബഹുഗുണ ചൂണ്ടിക്കാട്ടിയിരുന്നു.

ജോഷിമഠില്‍ വിള്ളലുകളും മണ്ണിടിച്ചിലുമുണ്ടായ പ്രദേശത്ത് ഭൗമവിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 6150 അടി ഉയരത്തിലാണ് ഈ പ്രദേശം. വലിയ ജനസാന്ദ്രതയുള്ള മേഖലയാണിത്.

ഭൂമി ഇടിഞ്ഞു താഴ്ന്നതു മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ് ജോഷിമഠില്‍. പ്രദേശത്തെ ഡെയ്ഞ്ചര്‍, ബഫര്‍, സമ്പൂര്‍ണ സുരക്ഷിതം എന്നിങ്ങനെ മൂന്ന് സോണായി തരംതിരിച്ചിട്ടുണ്ട്.
പ്രദേശത്തെ 30 ശതമാനം പേരെ ദുരിതം ബാധിച്ചു. നാലായിരത്തോളം ദുരിത ബാധിതരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ചമോലി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഖുറാന പറഞ്ഞു.

ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രശ്നങ്ങളും സുപ്രീം കോടതിക്കു മുന്നില്‍ എത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനും ഇടപെടാനും തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യപരമായ സംവിധാനങ്ങളുണ്ടെന്നു പറഞ്ഞ കോടതി ഹരജി ജനുവരി 16ന് പരിഗണിക്കാന്‍ മാറ്റിവെച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പിലായിരുന്നു ഹരജി എത്തിയത്.

അതേസമയം, പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വിള്ളലുകള്‍ സംഭവിച്ച് അപകടസ്ഥിതിയിലായിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് സഹകരിക്കാമെന്നും എന്നാല്‍, സ്ഥലത്തിന്റെ മൂല്യമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉറപ്പ് വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Content Highlight: Amid Joshimath crackers disaster, crackers appear in houses at Karnaprayag too