തൃശൂര്‍: വിവാദങ്ങള്‍ക്കിടയില്‍ ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണനായി വോട്ട് അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് രാധാകൃഷ്ണന് വേണ്ടി കലാമണ്ഡലം ഗോപി വോട്ടഭ്യര്‍ത്ഥിച്ചത്.
നിയുക്ത മന്ത്രിയായ കെ. രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നു. കെ. രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്ന് ഗോപി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കായി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി ഗോപി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ഞാന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കുമ്പോള്‍ രാധാകൃഷ്ണന്‍ ചേലക്കരയിലെ ജനപ്രതിനിധി ആയിരുന്നു. എനിക്ക് വളരെ പരിചിതനായ വ്യക്തിയാണ് മന്ത്രി,’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പല പ്രമുഖരും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മകന്‍ രഘു രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘു ഈ കാര്യം അറിയിച്ചത്.
സുരേഷ് ഗോപി അങ്ങോട്ട് വരുമെന്നും അനുഗ്രഹിക്കണമെന്നും ഒരു പ്രശസ്ത ഡോക്ടര്‍ വിളിച്ച് അറിയിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആശാന് പത്മഭൂഷണ്‍ കിട്ടേണ്ടേ എന്ന് ചോദിച്ചെന്നും രഘു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിന് വേണ്ടിയാണെന്നും ബി.ജെ.പിക്കും കോണ്‍ഗ്രസിനും വേണ്ടി വീട്ടില്‍ കയറി ഇനി ആരും സഹായിക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും രഘു പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ഈ പോസ്റ്റ് രഘു പിന്നീട് പിന്‍വലിച്ചു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് താന്‍ പോസ്റ്റ് ചെയ്തതെന്നും ഈ പോസ്റ്റ് അവസാനിപ്പിക്കാമെന്നും രഘു മറ്റൊരു പോസ്റ്റില്‍ അറിയിച്ചു.
Content Highlight: Amid controversies, Kalamandalam Gopi asking votes for Alathur’s leftist candidate K. Radhakrishnan