ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഈ ആവശ്യം ഉന്നയിച്ച് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയെ കണ്ടു. പഞ്ചാബില്‍ നേതൃമാറ്റം നടന്നതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് രാഹുലിനെ കണ്ടത്.
രാജസ്ഥാനില്‍ പുനസംഘടന വേണമെന്ന് പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും ഏറെ നാളായി ഉയര്‍ത്തുന്ന ആവശ്യമാണ്. ഇതിന് പിന്നാലെയാണ് ദല്‍ഹിയിലെത്തി പൈലറ്റ് രാഹുല്‍ ഗാന്ധിയെ കണ്ടത്. ഇരുനേതാക്കളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം രാജസ്ഥാനില്‍ ഇപ്പോള്‍ നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് എ.ഐ.സി.സി എന്നാണ് സൂചനകള്‍.
രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ അടുത്തിടെ രണ്ട് തവണ സംസ്ഥാനത്തെത്തുകയും എം.എല്‍.എമാരുടെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും തന്റെ ചില വിശ്വസ്തരെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം പൈലറ്റ് ഉന്നയിച്ചിരുന്നു. അതിനൊപ്പം തന്നെ മന്ത്രിസഭ പുനസംഘടന വേണമെന്നുമായിരുന്നു പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ എത്രയും പെട്ടെന്ന് തന്നെ സംസ്ഥാനത്ത് പുനസംഘടന നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ മാറ്റിക്കൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ നിര്‍ണായക ഇടപെടല്‍ വന്ന സാഹചര്യത്തില്‍ രാജസ്ഥാനിലും കാതലായ മാറ്റങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സച്ചിന്‍ പൈലറ്റ് വിഭാഗം.
എന്നാല്‍ മന്ത്രിസഭാ പുനസംഘടന ഉടന്‍ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍.എമാരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം നാളുകളായി നീണ്ടുനിന്ന കലഹങ്ങള്‍ക്കൊടുവിലായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്ഥാനം ഒഴിഞ്ഞത്. ഇനിയും അപമാനം സഹിക്കാന്‍ തനിക്ക് വയ്യെന്നായിരുന്നു രാജിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞത്.
അമരീന്ദറും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയായിരുന്നു. സിദ്ദു അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിലുള്ള എതിര്‍പ്പ് അമരീന്ദര്‍ പ്രകടമാക്കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയതോടെ എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിലേക്കാണ്. പഞ്ചാബിന് സമാനമായ അവസ്ഥയാണ് രാജസ്ഥാനിലും.
ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിച്ചു. ഗെലോട്ട് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല.