ശ്രീനഗര്‍: അസീ ബീഗത്തിന്റെ ഇളയ മകള്‍ മഹ്ജബീന്‍ അമ്മയുടെ മരണം അറിഞ്ഞത് മൂന്നുദിവസത്തിനുശേഷമാണ്. ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ പട്ടാനിലെ വീട്ടില്‍ നേരിട്ടെത്തി ബന്ധുക്കള്‍ വിവരമറിയിക്കുകയായിരുന്നു.
‘നാലാം ദിവസം നെഞ്ചത്തടിച്ചുകൊണ്ട് അവള്‍ ഇവിടേക്ക് വന്നു.’ അസീ ബീഗത്തിന്റെ വീടിനടുത്തുള്ള ബന്ധു റിയാസ് അഹമ്മദ് പറയുന്നു. ‘അവള്‍ വാതിലിലും ചുവരിലും അടിക്കുകയായിരുന്നു. അവള്‍ ബോധംകെട്ട് വീഴുംവരെ ഞങ്ങള്‍ക്ക് നിസഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.’
കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം കാരണം ബന്ധുക്കളുടെ വിയോഗം പോലും അറിയാനാവാതെ കഴിയുന്ന നിരവധി കശ്മീരികളില്‍ ഒരാള്‍ മാത്രമാണ് മഹ്ജബീന്‍. കഴിഞ്ഞ 34 ദിവസമായി കശ്മീരില്‍ ഇന്റര്‍നെറ്റോ മൊബൈല്‍ സര്‍വ്വീസോ ഇല്ല.
‘ കശ്മീരിലെ ആരും ഇത്തരമൊരു അവസ്ഥവരുമെന്ന് കരുതിയില്ല. ഫോണ്‍ സേവനങ്ങള്‍ വിച്ഛേദിച്ചും കശ്മീരിലെ ആശയവിനിമയം തകര്‍ത്തും പ്രിയപ്പെട്ടവരുടെ മരണത്തില്‍ കരയാനുള്ള അവകാശം വരെ അധികൃതര്‍ ഞങ്ങള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. ‘ അസിയുടെ ബന്ധുവായ ഗുല്‍സര്‍ അഹമ്മദ് ബാബ പറയുന്നു.
പ്രദേശത്തിനു പുറത്തുള്ള പല ബന്ധുക്കളും ഇപ്പോഴും അസീയുടെ മരണം അറിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
‘എല്ലാം അടച്ചിട്ട, എല്ലായിടത്തും നിയന്ത്രണം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഈ ദുരന്തം ബന്ധുക്കളെ അറിയിക്കാന്‍ എങ്ങനെ പോകാന്‍ കഴിയും?’ ബാബ ചോദിക്കുന്നു.
തലയിലെ ട്യൂമറിനെ തുടര്‍ന്ന് ഒരുവര്‍ഷമായി ചികിത്സയില്‍ തുടരുകയായിരുന്നു അസി. ആഗസ്റ്റ് 27നാണ് നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ആഗസ്റ്റ് 31 അവര്‍ മരണപ്പെട്ടു. ആശുപത്രിയ്ക്ക് ഒരു കിലോമീറ്റര്‍ ഉള്ളിലായിട്ടുപോലും കശ്മീരിലെ കലുഷിതമായ അന്തരീക്ഷം കാരണം അന്ന് വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല.
പിന്നേറ്റ് രാവിലെ മൃതദേഹവുമായി അവര്‍ വീട്ടിലെത്തുമ്പോള്‍ ബന്ധുക്കള്‍ ചായ കുടിച്ച് അന്നത്തെ ദിവസത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു.
‘ഞങ്ങളെല്ലാം ചായ കുടിക്കുകയായിരുന്നു. അപ്പോഴാണ് അമ്മാവന്‍ അമ്മായിയുടെ മൃതദേഹവുമായി വന്നത്.’ മറ്റൊരു ബന്ധു പറയുന്നു. ‘മൃതദേഹം കണ്ടതോടെ ഞങ്ങളാകെ ഞെട്ടിത്തരിച്ചുപോയി.’
പ്രത്യേക പദവി എടുത്തുമാറ്റിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയ സ്ഥലമാണ് അസിയുടെ നാടായ ആഞ്ചര്‍.
ശ്രീനഗറിലെ ഏറ്റവും വലിയ ശ്മശാനമായ അല്‍ മല്‍ഖയില്‍ ഈയിടെയായി ഒരു മൃതദേഹം സംസ്കരിക്കാന്‍ തന്നെ ഒരു ദിവസം എടുക്കുമെന്നാണ് മുഹമ്മദ് മഖ്ബൂല്‍ പറയുന്നത്.
‘സാധാരണ ഒരു കുഴിയെടുക്കാനും മൃതദേഹം അടക്കം ചെയ്യാനും മൂന്ന് മണിക്കൂറോളമേ എടുക്കാറുള്ളത്. ഇപ്പോള്‍ ഒരു ദിവസം മുഴുവന്‍ ബന്ധുക്കളേയും കാത്ത് ഇരിക്കേണ്ട അവസ്ഥയാണ്.’ മഖ്ബൂല്‍ പറയുന്നു.
പലപ്പോഴും ബന്ധുക്കളെ അധികം കാത്തിരിക്കാതെ അവിടെയുള്ള കുറച്ചുപേര്‍ തന്നെ ചടങ്ങുകള്‍ തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.