| Thursday, 19th April 2018, 2:22 pm

നോട്ട് ക്ഷാമം: 'എ.ടി.എം ദേവന്' താലവും വിളക്കുമായി പ്രാര്‍ഥന നടത്തി വ്യത്യസ്ത പ്രതിഷേധം (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് അപ്രതീക്ഷിതമായുണ്ടായ നോട്ട് ക്ഷാമം നേരിടാന്‍ കാന്‍പൂരില്‍ പ്രത്യേക പൂജ. കാണ്‍പൂരിലെ ഘണ്ടാഘര്‍ ചൗഹാരയിലാണ് മന്ത്രങ്ങളും ആരതികളുമായി ഒരു കൂട്ടം കച്ചവടക്കാര്‍ പൂജ നടത്തി സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തില്‍ നിന്ന് ആശ്വാസം തേടിയായിരുന്നു “എ.ടി.എം ദേവന്” പ്രത്യേക പ്രാര്‍ഥന നടത്തിയത്.


Also Read: ലോയ കേസിലെ ഹരജി തള്ളിയതിനു പിന്നാലെ സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു


പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ ഒത്തുകൂടി പൂക്കള്‍ നിറച്ച താലവും വിളക്കുമായി പണമില്ലാത്ത ഒരു എ.ടി.എമ്മിനു മുന്നിലെത്തി “എ.ടി.എം. ദേവന്” ആരതി അര്‍പ്പിച്ചു. “ദേശ് മേ കാഷ് കീ കില്ലത് ദൂര്‍ കരോ” (രാജ്യത്തെ നോട്ട് ക്ഷാമം അവസാനിപ്പിക്കു) എന്ന മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി കച്ചവടക്കാര്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തി.

നോട്ട് ക്ഷാമം കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതായി പ്രദേശത്തെ കച്ചവടക്കാര്‍ എ.എന്‍.ഐയോട് പറഞ്ഞു. എ.ടി.എമ്മുകളില്‍ പണമില്ലാതായതോടെ ചരക്കുകള്‍ വാങ്ങുന്നതിനായി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ നിവൃത്തിയില്ലാതായി. ഇതോടെ കച്ചവടവും മന്ദഗതിയിലായി, അവര്‍ പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ നോട്ടുകള്‍ക്ക് “താല്‍ക്കാലിക ക്ഷാമം” ഉള്ളതായി എ.ടി.എമ്മുകളില്‍ പണമില്ലെന്ന റിപ്പോര്‍ട്ടുകളോട് സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് നോട്ട് ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Also Read: കഠ്‌വ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ന്യായീകരിക്കുന്നത് മാപ്പില്ലാത്ത കുറ്റം: ശശി തരൂര്‍

We use cookies to give you the best possible experience. Learn more