ന്യൂദല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. നിയമം നടപ്പാക്കിയാല്‍ അസമില്‍ പൗരത്വ രജിസ്‌ട്രേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒന്നര ലക്ഷം മുസ്‌ലിങ്ങളുടെ ഗതി എന്താകുമെന്ന് ഉവൈസി ചോദിച്ചു.
വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ സി.എ.എ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
‘സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ആര്‍.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 12 ലക്ഷം ഹിന്ദുക്കള്‍ക്ക് സി.എ.എ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. എന്നാല്‍ അസമിലെ ഒന്നര ലക്ഷം മുസ്‌ലിങ്ങളുടെ കാര്യമോ?. പെട്ടെന്ന് ഒരു നടപടിയും എടുക്കില്ലെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍,’ ഉവൈസി പറഞ്ഞു.
എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്തായ മുസ്‌ലിങ്ങളോട് 1962 മുതലുള്ളതോ അല്ലെങ്കില്‍ 1951 മുതലുള്ള അവരുടെ വംശപരമ്പര കണ്ടെത്തി ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് മുമ്പില്‍ തെളിയിക്കാനാണ് ആവശ്യപ്പെടുകയെന്ന് ഉവൈസി പറഞ്ഞു.
സി.എ.എക്ക് ശേഷം രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള തീരുമാനം ശരിയാണെന്നും എന്നാല്‍ അത് മതത്തെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
2019ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എ നിയമത്തില്‍ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇത് പ്രകാരം 2014ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കും. അതേസമയം, പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്നും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കും.
Content Highlight: Amid CAA row: Asaduddin Owaisi questions fate of 1.5 lakh Muslims left out of NRC in Assam