| Thursday, 13th January 2022, 8:57 am

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; സുരക്ഷിത മണ്ഡലം തേടി യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ കൂടുതല്‍ സുരക്ഷിത മണ്ഡലം തേടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണ ഗൊരഖ്പൂരില്‍ നിന്നും ജനവിധി തേടാതെ അയോധ്യയില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നു എന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാമജന്മഭൂമി എന്ന നിലയിലും രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതും തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അയോധ്യയില്‍ കൂടുതല്‍ വേരോട്ടമുണ്ടാകകാന്‍ സാധിക്കും എന്നാണ് യു.പി ബി.ജെ.പി ക്യാംപുകളുടെ കണക്കുകൂട്ടല്‍.

ഇതിനോടൊപ്പം തന്നെ ഹിന്ദുത്വത്തിന്റെ മുഖമായിത്തന്നെയാണ് യോഗിയെ അവതരിപ്പിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ബി.ജെ.പിയുടെ തന്നെ വേദ് പ്രകാശ് ഗുപ്തയാണ് നിലവില്‍ അയോധ്യയെ പ്രതിനിധീകരിക്കുന്നത്.

അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉയര്‍ന്നു വന്നത്. അയോധ്യയില്‍ നിന്നു തന്നെയാവും യോഗി മത്സരിക്കുക എന്നാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Uttar Pradesh CM Yogi Adityanath, A Fiery Hindutva Mascot & Controversy's Favourite Child

യോഗി മണ്ഡലം മാറി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. എന്നാല്‍ യോഗി ഇതിനോട് പ്രതികരിച്ചിരുന്നില്ല. നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും മത്സരിക്കുമെന്നാണ് യോഗി പറഞ്ഞിരുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നും യോഗിക്കെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പറഞ്ഞിരുന്നു. യോഗി ഏത് മണ്ഡലത്തില്‍ നിന്നുമാണോ മത്സരിക്കുന്നത്, അതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ഇതോടെ ബി.ജെ.പിയില്‍ നിന്നും രാജി വെച്ച എം.എല്‍.എമാര്‍ ആറായി. സര്‍ക്കാരില്‍ നിന്നും ദളിത്, പിന്നാക്ക വിഭാഗക്കാര്‍ക്ക് അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ധാരാ സിംഗിന്റെ രാജി.

ഇതിന് മുന്‍പേ ബി.ജെ.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പേ ബി.എസ്.പിയില്‍ നിന്നും രാജിവെച്ചായിരുന്നു മൗര്യ ബി.ജെ.പിയിലെത്തിയത്.

പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം; സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്.

ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Amid BJP Crisis, Yogi Adityanath Could Have New Constituency, Ayodhya

We use cookies to give you the best possible experience. Learn more