Advertisement
India
പക്ഷിപ്പനി രൂക്ഷം; കോഴിക്കടകള്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 05, 10:13 am
Tuesday, 5th January 2021, 3:43 pm

മദ്‌സൗര്‍: സംസ്ഥാനത്ത് പക്ഷിപ്പനി രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ 15 ദിവസത്തേക്ക് കോഴിയും മുട്ടയും വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ മധ്യപ്രദേശിലെ മന്ദ്സൗര്‍ അധികൃതര്‍ ഉത്തരവിട്ടു. സംസ്ഥാനത്ത് നിരവധി കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കാന്‍ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോഴി, മുട്ട കടകള്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 100 കാക്കകളാണ് മദ്‌സൗറില്‍ മാത്രം പക്ഷിപ്പനി ബാധിച്ച് ചത്തത്.

ഇന്‍ഡോറിലെ ചത്ത കാക്കകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മറ്റ് ജില്ലകളില്‍ കൂടുതല്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍ഡോറില്‍ അടിയന്തര കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയാണെന്ന് മൃഗസംരക്ഷണ മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു.

2020 ഡിസംബര്‍ 23 മുതല്‍ 2021 ജനുവരി 3 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 142, മന്ദ്‌സൗറില്‍ 100, അഗര്‍-മാല്‍വയില്‍ 112, ഖാര്‍ഗോണില്‍ 13, സെഹോര്‍ ജില്ലയില്‍ ഒമ്പത് കാക്കകളാണ് പക്ഷിപ്പനി ബാധിച്ച് ചത്തതായി കണ്ടെത്തിയത്.

കേരളത്തിലും വ്യാപകമായി പക്ഷിപ്പനി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്ന് പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവുകളെയും കോഴികളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊല്ലാനാണ് തീരുമാനം.

1,650 താറാവുകള്‍ രോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികള്‍ക്കായി അഞ്ച് അംഗങ്ങളുള്ള എട്ട് ടീമുകളെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ