'ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഇ.വി.എം അട്ടിമറി സാധ്യമാകാതെ വരും'; പുതിയ നിര്‍ദേശവുമായി ദിഗ്‌വിജയ് സിങ്
India
'ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഇ.വി.എം അട്ടിമറി സാധ്യമാകാതെ വരും'; പുതിയ നിര്‍ദേശവുമായി ദിഗ്‌വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 11:09 am

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് സുഗമവും സുതാര്യവുമാക്കാന്‍ ഇ.വി.എമ്മിനും ബാലറ്റ് ബോക്‌സിനും ബദലായി സംവിധാനം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഇ.വി.എം ബാലറ്റ് ബദല്‍ എന്ന ആശയവും സിങ് മുന്നോട്ടുവെച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തന്റെ ഈ നിര്‍ദേശം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിഗ് വിജയ് സിങ് തന്റെ നിര്‍ദേശം മുന്നോട്ടുവെച്ചത്.

‘ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് 2019 : സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ.വി.എം-വി.വി.പാറ്റ് മെഷീനുകളില്‍ അട്ടിമറി നടത്താമെന്ന് വ്യക്തമായിരിക്കുന്നു. ഇതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും നല്ല ബോധ്യമുണ്ട്. എന്നാല്‍ അവര്‍ ഇപ്പോഴും നിശബ്ദരായി തുടരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇ.വി.എം ഉപയോഗിക്കണമെന്ന് ഇപ്പോഴും നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരു അഭ്യര്‍ത്ഥന….
ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം 7 സെക്കന്‍ഡിനുള്ളില്‍ സ്‌ക്രീനില്‍ കാണിക്കുന്ന ചിത്രം (വോട്ട് ചെയ്ത ചിഹ്നം) വോട്ടര്‍ക്ക് പ്രിന്റായി കയ്യില്‍ ലഭിക്കുന്ന ഒരു സംവിധാനം ഒരുക്കണം. അത് ബാലറ്റ് ബോക്‌സില്‍ അവര്‍ക്ക് തന്നെ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കണം.”- ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.

വോട്ടര്‍ തന്നെയാണ് നേരിട്ട് വോട്ട് ബാലറ്റ് ബോക്‌സില്‍ ഇടുന്നതെങ്കില്‍ വോട്ടര്‍ക്കോ സ്ഥാനാര്‍ത്ഥിക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പിന്നീട് അതിന് മുകളില്‍ ഒരു പരാതിയും ഉയര്‍ത്താന്‍ കഴിയില്ല. നേരത്തേതില്‍ നിന്നും വലിയ ഒരു സമയം ഇതിന് നഷ്ടമാകുകയും ഇല്ല. അതിനാല്‍ തന്നെ ഇത് വിശ്വസനീയമായ ഒരു സംവിധാനമായിരിക്കും മാത്രമല്ല ഇ.വി.എമ്മിന്റേയും ബാലറ്റ് ബോക്‌സിന്റേയും ഒരു സംയോജനം കൂടിയായിരിക്കും ഇത്. – അദ്ദേഹം പറഞ്ഞു.

ഇ.വി.എം ഒഴിവാക്കി ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരമൊരു നിര്‍ദേശം പരിശോധിക്കണം. ഇത്തരമൊരു നടപടിയിലൂടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വിശ്വാസ്യത കൈവരുമെന്നും സിങ് പറഞ്ഞു.

ഇനി അഥവാ ബാലറ്റ് ബോക്‌സിലെ വോട്ടുകളുടെ എണ്ണം ഇ.വി.എമ്മിലെ നമ്പറുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍, ആ നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്ത് വോട്ടുകളും ബാലറ്റ് ബോക്‌സുകളിലൂടെ കണക്കാക്കണം, തുടര്‍ന്ന് മാത്രമേ ഫലം മാത്രമേ പ്രഖ്യാപിക്കാവൂ- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി.വിപാറ്റുകള്‍ മുഴുവന്‍ എണ്ണിയാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഏറെ സമയം എടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പറഞ്ഞത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം അഞ്ച് ശതമാനം വിവിപാറ്റ് വോട്ടുകള്‍ മാത്രമാണ് നിലവില്‍ എണ്ണുന്നത്. അപ്പോള്‍ ഉയര്‍ന്നേക്കാവുന്ന സംശയത്തിനും ഇവിടെ പരിഹാരം കാണാം.- സിങ് പറഞ്ഞു.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ഇത്തരമൊരു നിര്‍ദേശം.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴില്‍ ബി.ജെ.പി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ ബി.ജെ.പി 150 സീറ്റുകളിലും ശിവസേന 124 സീറ്റുകളിലും മത്സരിക്കും.

അതേസമയം, എന്‍.സി.പിയുമായി ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് 125 സീറ്റുകളില്‍ മത്സരിക്കും. 38 സീറ്റുകളില്‍ സഖ്യകക്ഷികളും മത്സരിക്കും.