ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ സെലിബ്രിറ്റി ഷെഫിനെ പൊലീസ് അടിച്ചുകൊന്നു
World News
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ സെലിബ്രിറ്റി ഷെഫിനെ പൊലീസ് അടിച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2022, 3:15 pm

ടെഹ്‌റാന്‍: ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സെലിബ്രിറ്റി ഷെഫിനെ അടിച്ചുകൊന്നു. സെലിബ്രിറ്റി ഷെഫ് ആയ മെഹര്‍ഷാദ് ശഹീദിയെ ആണ് ഇറാന്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അടിച്ചുകൊന്നത്. ഇറാനിലെ ‘ജാമി ഒലിവര്‍’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

പ്രക്ഷോഭത്തിനിടെയാണ് 19കാരനായ മെഹര്‍ഷാദിനെ അറാക് നഗരത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തന്റെ 20ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് പൊലീസ് കസ്റ്റഡയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റ മെഹര്‍ഷാദ് മരിക്കുകയായിരുന്നു.

എന്നാല്‍ ഈ ആരോപണം ഇറാന്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. മര്‍ദനമേറ്റതിന്റെ പാടുകളൊന്നും മെഹര്‍ഷാദിന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അബ്ദുല്‍ മെഹ്ദി മൂസഫിയുടെ നിരീക്ഷണം.

അതേസമയം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് പറയാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയതായും മെഹര്‍ഷാദിന്റെ കുടുംബം ആരോപിച്ചു.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന്റെ 40ാം ദിനത്തിലാണ് ശാഹിദി ഇറാന്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത്. ഇറാന്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലിരിക്കെയാണ് തലക്കടിയേറ്റ് ശഹീദി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അറസ്റ്റിലായ 22 കാരിയായ മഹ്‌സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായത്.

അതേസമയം, മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഇതുവരെ 250ല്‍ അധികം ആളുകള്‍ ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു.

Content Highlight: Amid anti-hijab protests, Iran’s celebrity chef Mehrshad Shahidi beaten to death