വിദേശഫണ്ട് തട്ടിയെടുക്കാനാണ് ഇങ്ങനെ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് എന്നാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനാഥാലയങ്ങളിലേക്ക് എത്തിക്കുന്ന കുട്ടികളുടെ ഫോട്ടോ എടുത്ത് വിദേശത്തേക്ക് അയച്ചുകൊടുക്കുകയും അതുവഴി കുട്ടികളുടെ പേരില്‍ വിദേശത്ത് നിന്ന് ഫണ്ട് തട്ടുന്നുണ്ടെന്നുമാണ് അമിക്കയ്ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കുട്ടികളെ കടത്തിയിരുന്നത്. അവിടുത്തെ ജനങ്ങളുടെ സാമൂഹിക സമ്പത്തിക സാഹചര്യം ഇടനിലക്കാര്‍ മുതലെടുക്കുന്നതിലൂടെയാണ് കുട്ടികള്‍ കേരളത്തിലേക്ക് എത്തുന്നതെന്നും ഇതിലൂടെ ഇടനിലക്കാര്‍ പണം കൊയ്യുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും താമസസ്ഥലവും ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് മിക്ക അച്ഛനമ്മമാരും കുട്ടികളെ കേരളത്തിലേക്ക് അയക്കുന്നത്.
കുട്ടികളെ കടത്തികൊണ്ടുവരാനുള്ള കാരണം അവരുടെ ഇപ്പോഴത്തെ സ്ഥിതി, ഭക്ഷണം, താമസം എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ എം.എന്‍ കാരശ്ശേരി ആവശ്യപ്പെട്ടു. നേരായ മാര്‍ഗത്തിലാണ് കുട്ടികളെ കൊണ്ടുവന്നതെങ്കില്‍ എന്തുകൊണ്ടാണ് ട്രെയിന്‍ ടിക്കറ്റ് പോലുമെടുക്കാതെ അവരെ കേരളത്തില്‍ എത്തിച്ചതെന്നും ഇരു സംസ്ഥാനങ്ങളും അറിയാതെ കുട്ടികളെ കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അനാഥാലയങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നതിനെ അനുകൂലിച്ച് കൊണ്ടുള്ള നിലപാടുകളാണ് പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലെത്തിച്ച മുക്കം അനാഥാലയത്തിനെ പിന്തുണച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.